ad
Deshabhimani

തുടർച്ചയായ തകരാർ; ഇ 20 പെട്രോളിന് യോജിച്ച കാർ മാറ്റിനൽകണം; മാരുതി സുസുക്കിയോട് ഉപഭോക്തൃ കമീഷൻ

E20 Maruti Suzuki Grand Vitara
വെബ് ഡെസ്ക്

Published on Jul 16, 2026, 06:56 PM | 2 min read

റായ്‌പൂർ: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള കേന്ദ്രസർക്കാർ നയം കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൈലേജ്‌ കുറയുമെന്നും എൻജിൻ ദ്രവിക്കുമെന്നും സർവേ ഫലങ്ങൾ പുറത്തുവന്നിട്ടും കേന്ദ്രം പിന്നോട്ടുപോയില്ല. എഥനോൾ കലർന്ന പെട്രോൾ (ഇ20 ഉപയോഗിക്കുന്ന വാഹനങ്ങളിൽ മൈലേജ്‌ കുറയുമെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം തുറന്നുസമ്മതിച്ചിരുന്നു.


ഇപ്പോഴിതാ, ഇ20 പെട്രോളിന് അനുയോജ്യമല്ലാത്ത വാഹനം മാറ്റി നൽകാൻ കാർ നിർമാതാക്കളായ മാരുതി സുസുക്കിയോട് ഉത്തരവിട്ടിരിക്കുകയാണ് ഛത്തീസ്ഗഡിലെ ഉപഭോക്തൃ കമീഷൻ. 2023 ജനുവരിയിൽ നിർമിച്ച് 2024 ജൂണിൽ ഉപഭോക്താവിന് വിറ്റ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സ്ട്രോങ്ങ് ഹൈബ്രിഡ് കാറിന് പകരം, ഇ 20 ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന പുതിയ വാഹനം നൽകാനാണ് റായ്‌പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടിരിക്കുന്നത്. വാഹനം ഇ 20 ഇന്ധനത്തിന് അനുയോജ്യമല്ലെന്ന വിവരം ഉപഭോക്താവിനെ അറിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതും ശാശ്വതമായ പരിഹാരം കാണാത്തതും സേവനത്തിലെ വീഴ്ചയാണെന്ന് കമീഷൻ വിലയിരുത്തി. ഡോ. പ്രേംരാജ് ദേവ്ത സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.


താൻ വാങ്ങിയ കാറിന് തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടായതായും വാഹനം പ്രതീക്ഷിച്ച നിലവാരത്തിൽ പ്രവർത്തിക്കുന്നില്ലെന്നും ഡോ. ദേവ്ത പരാതിയിൽ ആരോപിച്ചു. വാഹനം വാങ്ങി അഞ്ച് മാസത്തിനുള്ളിൽ തന്നെ തകരാറിലായതായി. അംഗീകൃത സർവീസ് സെന്ററിൽ കൊണ്ടുപോയപ്പോൾ പെട്രോളിൽ മലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ഇന്ധന ടാങ്ക് വൃത്തിയാക്കി നൽകി. എന്നാൽ തകരാർ വീണ്ടും ആവർത്തിച്ചു.


പെട്രോൾ സാംപിൾ അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ അതിൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. നിരവധി തവണ ശ്രമിച്ചിട്ടും വാഹനം തുടർച്ചയായി കേടായതിനെത്തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കമീഷനെ സമീപിച്ചത്. തകരാറുകൾ മൂലം തനിക്ക് സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവും ഉണ്ടായതായും അദ്ദേഹം പരാതിപ്പെട്ടു.


വാഹനത്തിൽ നിർമാണ തകരാറുകൾ ഇല്ലെന്നും മലിനമായ ഇന്ധനം ഉപയോഗിച്ചതാണ് തകരാറിന് കാരണമെന്നും മാരുതി സുസുക്കിയും ഡീലറും വാദിച്ചു. ഇത് വാറന്റിയുടെ പരിധിയിൽ വരുന്നതല്ലെന്നും അവർ ചൂണ്ടിക്കാട്ടി.


വാഹനം നന്നാക്കുന്നത് മാത്രം മതിയായ പരിഹാരമല്ലെന്ന് കമീഷൻ നിരീക്ഷിച്ചു. 2023 ജനുവരിയിൽ നിർമിച്ച വാഹനം ഇ20 പെട്രോളിന് അനുയോജ്യമായിരുന്നില്ലെന്നും, ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കാതെയാണ് വിറ്റതെന്നും കമീഷൻ കണ്ടെത്തി. ഈ വാഹനത്തിലെ എഞ്ചിന് 20% എത്തനോൾ കലർന്ന പെട്രോളിൽ ഓടാൻ കഴിയില്ല. ഇന്ധനം മാറ്റിയിട്ടും ടാങ്ക് വൃത്തിയാക്കിയിട്ടും വാഹനം വീണ്ടും തകരാറിലായത് ഇതുകൊണ്ടാണ്. വാഹനം തിരികെ എടുക്കുന്നതിലും പുതിയ വാഹനം നൽകുന്നതിലും കമ്പനി പരാജയപ്പെട്ടത് സേവനത്തിലെ വീഴ്ചയാണെന്നും കമീഷൻ വിലയിരുത്തി.


പരാതിക്കാരന്റെ വാഹനം തിരിച്ചെടുത്ത് 45 ദിവസത്തിനുള്ളിൽ അതേ മോഡലിലുള്ള, ഇ 20 ഇന്ധനത്തിന് അനുയോജ്യമായ പുതിയ വാഹനം നൽകാനാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനോടും, ഡീലറായ നെക്സ മാഗ്നാറ്റോയോടും ‌കമീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. നിശ്ചയിച്ച സമയത്തിനുള്ളിൽ വാഹനം മാറ്റി നൽകിയില്ലെങ്കിൽ, വാഹനത്തിന്റെ വിലയായ 18,29,000 രൂപ, ആർടിഒ ചാർജ്, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടെ മൊത്തം 20,50,494 രൂപ നൽകാൻ കമീഷൻ ഉത്തരവിട്ടു. കൂടാതെ മാനസിക പ്രയാസത്തിന് 1 ലക്ഷം രൂപയും നിയമനടപടികൾക്കായി 10,000 രൂപയും 45 ദിവസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു. വീഴ്ച വരുത്തിയാൽ ഉത്തരവ് തീയതി മുതൽ തുക അടയ്ക്കുന്നത് വരെ 7% വാർഷിക പലിശ നൽകണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home