പി കൃഷ്ണപിള്ള സ്മാരകം: യുഡിഎഫ് സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളി- സിപിഐ എം

ആലപ്പുഴ: പി കൃഷ്‌ണപിള്ള സാംസ്‌കാരിക നിലയം സ്ഥാപിക്കാൻ ആലപ്പുഴ നൂറനാട്ട് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരിച്ചെടുത്ത യുഡിഎഫ് സർക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രസ്‌താവനയിൽ പറഞ്ഞു. വയോജനങ്ങളുടെയും അവശകലാകാരന്മാരുടെയും സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് എൽഡിഎഫ് സർക്കാർ സാംസ്‌കാരിക നിലയത്തിന് പദ്ധതിയിട്ടത്. ഇതിന് ആകെ തുരങ്കം വയ്‌ക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരിന്റേത്. സർക്കാർ നയം തിരുത്തണമെന്നും ഭൂമി തിരികെയെടുക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ആർ നാസർ ആവശ്യപ്പെട്ടു.
മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പി കൃഷ്ണപിള്ള സ്മാരകം സ്ഥാപിക്കാൻ അനുവദിച്ച ഭൂമി തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഐടിബിപിയുടെ കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുന്നതിന്റെ മറവിലാണ് നടപടി. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ അഞ്ചേക്കർ ഭൂമിയാണ് സ്മാരകത്തിനായി 2023 ജനുവരിയിൽ സാംസ്കാരിക വകുപ്പിന് കൈമാറിയത്. വയോജനങ്ങളുടെയും അവശകലാകാരന്മാരുടെയും സംരക്ഷണംകൂടി ലക്ഷ്യമിട്ടാണ് സാംസ്കാരിക നിലയം നിർമിക്കാൻ എൽഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. ഇതിനായി ആരോഗ്യവകുപ്പിന് കീഴിലുണ്ടായിരുന്ന ഭൂമി റവന്യുവകുപ്പിന് വിട്ടുനൽകിയിരുന്നു.
സ്മാരകം നിർമിക്കാനായി സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകുന്നതിനും തീരുമാനിച്ചിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് നടപടികൾ റദ്ദാക്കുന്നത്. ലെപ്രസി സാനിറ്റോറിയത്തിന്റെ ആകെയുള്ള 134.84 ഏക്കറിൽ 50 ഏക്കർ ഭൂമി ഐടിബിപിക്ക് (ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്) ക്യാമ്പും കേന്ദ്രീയ വിദ്യാലയവും സജ്ജമാക്കാൻ 30 വർഷത്തേക്ക് നേരത്തേ പാട്ടത്തിന് അനുവദിച്ചിരുന്നു.










0 comments