പ്രതിരോധ മന്ത്രിയെ മാറ്റിയതിനെതിരെ ഉക്രയ്‌നിൽ വൻ പ്രതിഷേധം

കീവ്: ഉക്രയ്ൻ പ്രതിരോധ മന്ത്രി മിഖേലോ ഫെദോറോവിനെ മാറ്റിയ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയുടെ നീക്കത്തിനെതിരെ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനകീയ പ്രതിഷേധം. ആറ് മാസം മാത്രമാണ് മിഖേലോ പ്രതിരോധ മന്ത്രി സ്ഥാനത്ത് തുടർന്നത്. ഇതിന് പുറമെ, സ്റ്റേറ്റ് എനർജി കമ്പനിയായ നാഫ്‌റ്റോഗാസിന്റെ തലവനായ സെർഹി കൊറെത്സ്കിയെ പുതിയ പ്രധാനമന്ത്രിയായി ഉക്രേനിയൻ പാർലമെന്റ് 289 വോട്ടുകൾക്ക് അംഗീകരിച്ചു. മുൻ പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ രാജിവെച്ചതിനെത്തുടർന്നാണ് ഈ മാറ്റം.
കീവ്, ഒഡെസ, ഡിനിപ്രോ തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു. സൈനിക മേധാവി ജനറൽ സിർസ്‌കിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഫെദോറോവിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. സാങ്കേതിക വിദഗ്ദ്ധനായ ഫെദോറോവ്, ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും സൈനിക സംഭരണങ്ങളിൽ ഡിജിറ്റൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ "ആർമി ഓഫ് ഡ്രോൺസ്" ഉൾപ്പെടെയുള്ള പദ്ധതികൾ റഷ്യൻ സൈന്യത്തിനെതിരെ ഉക്രയ്‌നിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചിരുന്നു. അതിനാൽ തന്നെ റഷ്യയുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രിയെ മാറ്റരുതെന്ന അഭിപ്രായം ഉയർന്നിരുന്നു.
സർക്കാരിനെ കൂടുതൽ ഊർജ്ജസ്വലമാക്കാനും പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ അഴിച്ചുപണി നടത്തുന്നതെന്ന് സെലൻസ്‌കി വ്യക്തമാക്കി. താൻ ജനവികാരത്തെ മാനിക്കുന്നുവെന്നും പ്രതിഷേധങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപദേഷ്ടാവായി തുടരാൻ ഫെദോറോവിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.










0 comments