കർണാടകത്തിൽ 5 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
മംഗളൂരു : കർണാടകത്തിൽ വ്യാഴാഴ്ച നടന്ന ലഹരി വിരുദ്ധ ഓപ്പറേഷനിൽ ദക്ഷിണ കന്നഡ ജില്ലയിൽ നിന്ന് 5.20 കോടി രൂപ വിലമതിക്കുന്ന 5 കിലോയിലധികം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ബാഗൽകോട്ട് ജില്ലയിലെ ഹുനഗുണ്ടിലെ ദേശീയപാതയോരത്തെ റോയൽ ഇൻ ലോഡ്ജിൽ വെച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
ജൂൺ 25ന് അന്നപ്പ സ്വാമി എന്നയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പൊലീസ് ഓപ്പറേഷൻ നടത്തിയത്. സൂറത്ത്കൽ പൊലീസ് പരിധിയിലുള്ള അന്നപ്പ സ്വാമിയുടെ വീട്ടിൽ നിന്ന് 15.17 ഗ്രാം എംഡിഎംഎ സിസിബിഐ പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭിച്ചു. തുടർന്നാണ് ദക്ഷിണ കന്നഡയിൽ റെയ്ഡ് നടത്തിയത്.
അറസ്റ്റിലായവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരിൽ നിന്ന് ബാഗുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ദക്ഷിണ കന്നഡ, ഉഡുപ്പി, കേരളം എന്നിവിടങ്ങളിൽ ഇരുവരും എംഡിഎംഎ വിതരണം ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.










0 comments