ഭൂമി ജനങ്ങൾക്കുള്ളത്; സർക്കാർ സ്പോൺസർഷിപ്പിൽ നടക്കുന്ന ഭൂമി കൈയേറ്റങ്ങളെ ഒന്നിച്ച് ചെറുക്കണം: ഭൂമി അധികാർ ആന്ദോളൻ

ന്യൂഡൽഹി : വികസനത്തിന്റെ പേരിൽ കോർപറേറ്റുകൾക്കും റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്കുമായി സർക്കാർ നടത്തുന്ന ഭൂമി ഏറ്റെടുക്കലുകൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഭൂമി അധികാർ ആന്ദോളൻ ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിലെ എഐകെഎസ് ഓഫീസിൽ നടന്ന ഭൂമി അധികാർ ആന്ദോളന്റെ (ബിഎഎ) ദേശീയ നേതൃത്വ യോഗത്തിലാണ് തീരുമാനം. രാജ്യത്തുടനീളമുള്ള കർഷകത്തൊഴിലാളികൾ, ആദിവാസി സമൂഹങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് നേരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ യോഗം അപലപിച്ചു.
വികസനം, വ്യവസായവൽക്കരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പേരിൽ സർക്കാർ സ്പോൺസേർഡ് ഭൂമി കൈയേറ്റം വർധിച്ചുവരുന്നതായി യോഗം നിരീക്ഷിച്ചു. കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, വനവാസികൾ, മത്സ്യത്തൊഴിലാളികൾ, ഗ്രാമീണ ദരിദ്രർ എന്നിവരുടെ ഭൂമിയും ഉപജീവനമാർഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോർപറേറ്റുകൾക്കായി കൈമാറുകയാണ്. ജനങ്ങളിൽ നിന്ന് ബലമായി ഭൂമി ഏറ്റെടുത്ത് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കൈമാറുന്നതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് അവരുടെ ഭൂമിയിൽ നിന്നും ഉപജീവനമാർഗങ്ങളിൽ നിന്നും പുറത്താക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും നിരവധി സംസ്ഥാന സർക്കാരുകളും ഈ ജനവിരുദ്ധ നയമാണ് പിന്തുടരുന്നത്.
മോദി സർക്കാരിന്റെ സജീവ പിന്തുണയോടെ ഗുജറാത്തിൽ ലക്ഷക്കണക്കിന് ഏക്കർ ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറുന്നുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, കർണാടക, അസം എന്നിവിടങ്ങളിലും സമാനമായി വലിയ തോതിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം ലംഘിക്കപ്പെടുന്നതായും യോഗം ചൂണ്ടിക്കാട്ടി.
പട്ടികജാതി പ്രദേശങ്ങളിലെ ഭരണഘടനാ സുരക്ഷാ സംവിധാനങ്ങളുടെ ലംഘനത്തിൽ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഗ്രാമസഭകളുടെ അധികാരത്തെ മറികടക്കുന്നതിനൊപ്പം ആദിവാസി ഭൂമി ബലമായി കൈവശപ്പെടുത്തുകയാണ് ഗവൺമെന്റുകൾ. ഇത്തരം നടപടികൾ ആദിവാസി സമൂഹങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും അന്തസ്സിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ജമ്മു-കശ്മീരിലും ലഡാക്കിലും കേന്ദ്രസർക്കാർ നടത്തുന്ന ഭൂമി ഏറ്റെടുക്കലിനെയും യോഗം അപലപിച്ചു. ജനങ്ങളുടെ അവകാശങ്ങൾ ആസൂത്രിതമായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ പരിസ്ഥിതി, ജൈവവൈവിധ്യം, തദ്ദേശീയ സമൂഹങ്ങളുടെ ജീവിതം എന്നിവ അവഗണിച്ചുകൊണ്ട് മോദി സർക്കാർ വൻ പദ്ധതികൾ നടപ്പിലാക്കുന്നതിനെയും യോഗം വിമർശിച്ചു.
ഭൂമി, വനം, പ്രകൃതിവിഭവങ്ങൾ എന്നിവ ജനങ്ങളുടെ സ്വന്തമാണെന്നും വികസനത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്ക് കൈമാറരുതെന്നും യോഗം ഊന്നിപ്പറഞ്ഞു. സ്വകാര്യ ലാഭത്തിനായി ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളും പ്രകൃതിവിഭവങ്ങളും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന വികസന മാതൃകയെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ച് ചെറുക്കാണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഭൂമിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യോഗം വ്യക്തമാക്കി. സംസ്ഥാനതല പ്രചാരണങ്ങൾ, വസ്തുതാന്വേഷണ സന്ദർശനങ്ങൾ, പൊതുജന പ്രക്ഷോഭങ്ങൾ, ജില്ലാ-സംസ്ഥാന കൺവൻഷനുകൾ എന്നിവ സംഘടിപ്പിക്കും. രാജ്യവ്യാപകമായ സമര പരിപാടികൾക്ക് അന്തിമരൂപം നൽകുന്നതിനായി ആഗസ്ത് 2 ന് ഒരു ദേശീയ വിപുലീകൃത യോഗം വിളിക്കാനും കോർപ്പറേറ്റ് അനുകൂല ഭൂമി ഏറ്റെടുക്കൽ നയങ്ങൾക്കെതിരായ സംയുക്ത പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുമായി ദേശീയ ഭൂഅവകാശ കൺവെൻഷൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഹന്നൻ മൊല്ല, അശോക് ധാവ്ളെ, ബി വെങ്കട്ട് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.










0 comments