കാസർകോട് ഗവ. കോളേജിൽ റാഗിങ്; 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കാസർകോട്: കാസർകോട് ഗവ. കോളേജിലും വിദ്യാർഥി റാഗിങ്ങിനിരയായെന്ന് പരാതി. ഒന്നാംവർഷ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. സംഭവത്തിൽ രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളായ 13പേരെ കോളേജിൽനിന്ന് സസ്പെൻഡ്ചെയ്തു. 13-ന് കോളേജ് ക്യാമ്പസിൽ വെച്ചാണ് സംഭവം. ഒരു സംഘം വിദ്യാർഥികൾ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തെതുടർന്ന് വിദ്യാർഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകുകയുംചെയ്തു. കോളേജ് അധികൃതർ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായ 13 വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്. ഇരയായ വിദ്യാർഥി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് പറഞ്ഞു.










0 comments