ad
Deshabhimani

'ഇങ്ങനെയൊരു ഭർതൃവീട് കിട്ടിയതിൽ സന്തോഷവതി, പക്ഷേ..' കുറിപ്പെഴുതി യുവതി ജീവനൊടുക്കി

Suicide

നിക്കി (Photo: India Today)

വെബ് ഡെസ്ക്

Published on Jul 16, 2026, 09:21 PM | 1 min read

ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപൂരിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. വൈഷ്ണവി എന്നറിയപ്പെട്ടിരുന്ന 28 കാരി നിക്കിയാണ് മരിച്ചത്. നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെ സ്നേഹത്തെയും കരുതലിനെയും കുറിച്ച് ഹൃദയഭേദകമായ കുറിപ്പെഴുതി വെച്ചാണ് യുവതി ജീവനൊടുക്കിയത്. ആത്മ​ഹത്യാ കുറിപ്പിൽ ഭർതൃവീട്ടുകാരോട് മനസറിഞ്ഞ് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നുണ്ട്.


'കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്ന് നൽകിയ വാക്ക് ഞാൻ ലംഘിക്കുകയാണ്, ദയവായി എന്നെ ഓർത്ത് വിഷമിക്കരുത്. ഇങ്ങനെയൊരു ഭർതൃവീട് ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എല്ലാവരും എന്നെ വളരെ നന്നായി നോക്കി. ദയവായി ആരും സങ്കടപ്പെടരുത്. നിസഹായാവസ്ഥ കൊണ്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്' നിക്കി കുറിച്ചു. തന്റെ വസ്തുവകകൾ ആർക്കൊക്കെ നൽകണമെന്നും നിക്കി കുറിച്ചിട്ടുണ്ട്.


സ്കൂട്ടറും ആഭരണങ്ങളും ഭർത്താവിന്റെ അനുജന്റെ ഭാവി വധുവിന് നൽകണമെന്നാണ് നിക്കി ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഫോൺ അമ്മായിയമ്മയ്ക്ക് നൽകണമെന്നും നിക്കി കുറിച്ചു. "എന്റെ ജീവിതമായിരുന്നു അവൾ. രോഗിയായിരുന്നെങ്കിലും അവൾ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവൾ ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങൾ അവളുടെ ചികിത്സ തുടർന്നുപോകുമായിരുന്നു." ഭാര്യയുടെ വിയോഗത്തിൽ ഭർത്താവ് ശിവം നിറകണ്ണുകളോടെ പറഞ്ഞു.


ഭർത്താവ് ശിവവും മകനും അടങ്ങുന്നതാണ് നിക്കിയുടെ കുടുംബം. ശിവയ്ക്ക് മധ്യപ്രദേശിലെ റെയിൽവേയിലാണ് ജോലി. കഴിഞ്ഞ കുറച്ചുനാളുകളായി കാൻപൂരിലും ഡൽഹിയിലുമായി നിക്കി ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ‌അടുത്തിടെ എഴുതിയ ഡൽഹി പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ നിക്കി വിജയം കരസ്ഥമാക്കിയിരുന്നു. അടുത്ത ഘട്ടത്തിൽ രോ​ഗാവസ്ഥ മൂലം വിജയിക്കാൻ കഴിയില്ലെന്ന ആശങ്ക നിക്കിയെ അലട്ടിയിരുന്നതായി കുടുംബം പറയുന്നു. ഇതായിരിക്കാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് നി​ഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home