ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ നേതൃമാറ്റം അനിവാര്യം; സ്മൃതി മന്ദാനയെ നായികയാക്കണമെന്ന് മിതാലി രാജ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയും| Photo Credit:ICC
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ നേതൃമാറ്റം അനിവാര്യമാണെന്ന് മുൻ നായിക മിതാലി രാജ്. സ്മൃതി മന്ദാനയെ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായികയായി നിയമിക്കണമെന്നും, രണ്ടോ മൂന്നോ വർഷം മുൻപേ ഈ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും മിതാലി രാജ് അഭിപ്രായപ്പെട്ടു.
ഹർമൻപ്രീത് കൗറിന് കീഴിലുള്ള നിലവിലെ ടീമിനെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും വാർത്താ ഏജൻസി പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മിതാലി രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏകദിനത്തിന്റെയും ടെസ്റ്റിന്റെയും ചുമതല മന്ദാനയെ ഏൽപ്പിക്കുമ്പോൾ, ട്വന്റി 20 ഫോർമാറ്റിൽ ഷഫാലി വർമ്മയെയോ ജെമീമ റോഡ്രിഗസിനെയോ പോലുള്ള യുവതാരങ്ങളെ പരിഗണിക്കാമെന്ന് മിതാലി രാജ് നിർദ്ദേശിക്കുന്നു.
അണ്ടർ-19 ലോകകപ്പ് വിജയിപ്പിച്ച ഷഫാലിയുടെയും, ഡൽഹി ക്യാപിറ്റൽസിനെ വനിതാ പ്രീമിയർ ലീഗിൽ നയിച്ച ജെമീമയുടെയും നേതൃപാടവം ശ്രദ്ധേയമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഒരു നായകന് തന്റെ റോളിൽ സ്ഥിരത ഉറപ്പിക്കാൻ ടീം മാനേജ്‌മെന്റ് സമയം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും മിതാലി ഓർമ്മിപ്പിച്ചു.
തുടർച്ചയായി രണ്ട് ട്വന്റി 20 ലോകകപ്പുകളിൽ ഇന്ത്യ സെമി കാണാതെ പുറത്തായത് മാത്രമല്ല ഹർമൻപ്രീതിനെ മാറ്റണമെന്ന ആവശ്യത്തിന് കാരണമെന്നും, ശാരീരികക്ഷമതയും ഫോമും പ്രധാന ഘടകങ്ങളാണെന്നും മിതാലി വ്യക്തമാക്കി.
സമീപകാല ലോകകപ്പുകളിൽ ഹർമൻപ്രീതിന്റെ പ്രകടനത്തിൽ വലിയൊരു പാറ്റേൺ കാണാനുണ്ട്; വളരെ ചെറിയ റൺസ് മാത്രം നേടുകയും ഫിഫ്റ്റി നേടാൻ മൂന്നോ നാലോ മത്സരങ്ങൾ എടുക്കുകയും ചെയ്യുന്നു. പല മത്സരങ്ങളിലും പരിക്കുകാരണം താരത്തിന് പുറത്തിരിക്കേണ്ടി വന്നതും ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന് തിരിച്ചടിയാണെന്ന് മിതാലി വിലയിരുത്തുന്നു.
ടീമിൽ പുതിയ നേതൃത്വത്തെ വളർത്തുന്നതിൽ സെലക്ടർമാർ പരാജയപ്പെട്ടുവെന്ന് മിതാലി കുറ്റപ്പെടുത്തി. ദീർഘകാല പ്ലാനുകളില്ലാതെ പരമ്പരകൾക്ക് അനുസരിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ഇന്ത്യൻ ടീമിന്റെ ഭാവിക്ക് ദോഷകരമാണ്.
അണ്ടർ-19 ടീമിലെ വിജയികളെ സീനിയർ ടീമിൽ നേതൃസ്ഥാനങ്ങളിലേക്ക് വളർത്താൻ ബിസിസിഐ കാര്യമായ താൽപ്പര്യം കാണിക്കുന്നില്ലെന്നും, വ്യക്തമായൊരു റോഡ്‌മാപ്പ് ടീമിനില്ലെന്നും മിതാലി രാജ് വിമർശിച്ചു.











0 comments