വെളിപ്പെട്ടത് ന്യൂനപക്ഷ വഞ്ചന: ‘സതീശൻ സർക്കാരിന് ബുദ്ധിതെളിഞ്ഞു’ എന്ന് സംഘപരിവാർ

കോഴിക്കോട്:
അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താത്ത സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ യുഡിഎഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ വെളിപ്പെട്ടത് ന്യൂനപക്ഷ വഞ്ചനയും അവസരവാദവും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയെയാണ് ഹൈക്കോടതിയിൽ സർക്കാർ പിന്തുണച്ചത്. മുസ്ലിങ്ങൾ ഒറ്റക്കെട്ടായി എതിർത്ത കേന്ദ്ര വഖഫ് ബോർഡ് നിയമഭേദഗതിയാണ് യുഡിഎഫ് സർക്കാർ കണ്ണുംപൂട്ടി അംഗീകരിച്ചത്. യുഡിഎഫ്–ബിജെപി ഡീലിന്റെ ഭാഗമാണിതെന്ന വിമർശവും ശക്തമായി.
കേന്ദ്ര നിയമഭേദഗതിക്കെതിരെ നിയമയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച മുസ്ലിംലീഗിന്റെ മലക്കം മറിച്ചിലും പുറത്തുവന്നു. കോൺഗ്രസ്–മുസ്ലിംലീഗ് സർക്കാരിന്റെ നിലപാടിൽ ആവേശഭരിതരായി ബിജെപിയും സംഘപരിവാറും അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തു. ‘സതീശൻ സർക്കാരിന് ബുദ്ധിതെളിഞ്ഞു’ എന്നാണ് ബിജെപിക്കാർ പ്രചരിപ്പിക്കുന്നത്.
മുസ്ലിംവിരുദ്ധതയും വഖഫ് ബോർഡ് സ്വത്ത് കൈയടക്കാനുമുള്ള സംഘപരിവാർ അജൻഡയുമാണ് നിയമഭേദഗതിയെന്ന വിമർശം നേരത്തെ ഉയർന്നിരുന്നു. സമുദായ വികാരം മാനിച്ചുള്ള നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്.
നിയമഭേദഗതി പിൻവലിക്കണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ടിരുന്നു. നിയമത്തിനെതിരെ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചു. ഇടതുപക്ഷം ഇൗ നയത്തിൽ ഉറച്ചുനിൽക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയിൽ ഭേദഗതിയെ എതിർത്ത കോൺഗ്രസും ലീഗും അധികാരത്തിലേറി രണ്ട്‌മാസത്തിനകം മലക്കംമറിഞ്ഞു.
സംസ്ഥാന വഖഫ് ബോർഡിനെ കൈയടക്കുക എന്ന സങ്കുചിത രാഷ്‌ട്രീയലക്ഷ്യംവച്ചാണ് ഇൗ നയംമാറ്റം.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽമാത്രമാണ് അമുസ്ലിം അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത്. നിലപാട് മാറ്റത്തിലൂടെ മുസ്ലിംവിരുദ്ധ വഖഫ് ബോർഡ് നിയമഭേദഗതി നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും.










0 comments