ad
Deshabhimani

കാസർകോട്‌ ഗവ. കോളേജിൽ റാഗിങ്ങ്: 13 എംഎസ്‌എഫ്‌ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തു

msf ragging
വെബ് ഡെസ്ക്

Published on Jul 16, 2026, 10:15 PM | 2 min read

കാസർകോട്‌: കാസർകോട്‌ ഗവ. കോളേജിൽ ഒന്നാംവർഷ വിദ്യാർഥി റാഗിങ്ങിനിരയായ സംഭവത്തിൽ 13 എംഎസ്‌എഫ്‌ പ്രവർത്തകരെ കോളേജിൽനിന്ന്‌ സ്‌പെൻഡുചെയ്‌തു. എംഎസ്‌എഫ്‌ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്‌, ഹരിത യൂണിറ്റ് ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്‌ നടപടി. 14 ദിവസത്തേക്കാണ്‌ ഇവരെ സസ്‌പെൻഡ്‌ചെയ്‌തതത്‌. രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളാണ്‌ സസ്‌പെൻഷനിലായ എംഎസ്‌എഫ്‌ പ്രവർത്തകർ.


13ന് കോളേജ് ക്യാമ്പസിൽവെച്ചാണ് സംഭവം. എംഎസ്‌എഫ്‌പ്രവർത്തകരായ വിദ്യാർഥികൾ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുംചെയ്‌തെന്നാണ്‌ പരാതി. സംഭവത്തെതുടർന്ന് വിദ്യാർഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകുകയുംചെയ്തു. കോളേജ് അധികൃതർ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ആരോപണവിധേയരായ 13 എംഎസ്‌എഫുകാർക്കെതിരെ നടപടിയെടുത്തത്‌. ഇരയായ വിദ്യാർഥി പൊലീസിലും പരാതി നൽകിയിട്ടുണ്ട്‌. കുട്ടിയുടെ മൊഴിയെടുത്ത്‌ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

അരാജകത്വപ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്നവരെ ചെറുക്കും: എസ്‌എഫ്‌ഐ


കാസർകോട്‌: കാസർകോട്‌ ഗവ. കോളേജിൽ റാഗിങ്‌ ഉൾപ്പെടെയുള്ള അരാജകത്വപ്രവർത്തനത്തിന്‌ നേതൃത്വംനൽകുന്ന വിദ്യാർഥി വിരുദ്ധരായ എംഎസ്‌എഫ്‌ പ്രവർത്തകരെ ചെറുക്കുമെന്ന്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. സമൂഹത്തിൽ ഇടപെടുന്നതും ഉത്തരവാദിത്തപ്പെട്ട വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരുമായവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അപലപിനീയമാണ്‌. റാഗിങ്ങിന് നേതൃത്വം നൽകിയതിന്റെപേരിൽ പതിമൂന്നോളം എംഎസ്‌എഫ്‌ പ്രവർത്തകരെയാണ്‌ കോളേജിൽനിന്ന്‌ സസ്പെൻഡ് ചെയ്തതത്‌. എംഎസ്‌എഫ്‌ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്‌, ഹരിത യൂണിറ്റ് ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർക്കെതിരെയാണ്‌ നടപടി എന്നത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസ് തുടങ്ങിയശേഷം തുടർച്ചയായ റാഗിങ്ങിനാണ്‌ എംഎസ്എഫ്‌ നേതൃത്വംനൽകുന്നത്‌. ഇരയായ വിദ്യാർഥികളെ ഭയപ്പെടുത്തി പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചാണ് ക്രിമിനലുകൾ ഇത്രയുംകാലം ഈ പ്രവണത തുടർന്നത്‌. ഇത്തരത്തിലുള്ളവരെ ഒറ്റപ്പെടുത്തണമെന്നും റാഗിങ്ങിനെ ശക്തമായി ചെറുക്കുമെന്നും ഇരയാകുന്ന വിദ്യാർത്ഥികൾക്കുവേണ്ടി ഇടപെടുമെന്നും എസ്എഫ്ഐ അറിയിച്ചു.

പൈവളിഗയിൽ ഒമ്പതാംക്ലാസുകാരനെതിരെയും അതിക്രമം


ഉപ്പള: പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ വിദ്യാർഥികൾ റാഗിങ്‌ചെയ്‌തെന്ന്‌ പരാതി. പൈവളിഗെ സ്വദേശി 14കാരനാണ്‌ ക്രൂരമായ മർദനത്തിനിരയായത്‌. ​കുട്ടിയുടെ കഴുത്തിനും നെഞ്ചിനും സാരമായ പരുക്കേറ്റു. കുട്ടിയെ മംഗൽപാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച സ്കൂൾവിട്ട് വരുന്നതിനിടയിലാണ് മുതിർന്ന വിദ്യാർഥികൾചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. ഉപ്പളയിലെ മറ്റൊരു സ്കൂളിലും സമാനമായ രീതിയിൽ റാഗിങ് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. കുട്ടികൾക്കിടയിലെ ഇത്തരം അക്രമപ്രവണതകൾക്കെതിരെ സ്കൂൾ അധികൃതരും പൊലിസും നടപടി സ്വീകരിക്കണമെന്ന്‌ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home