ബിദർക്കാട് ടൗണിൽ പട്ടാപ്പകൽ കാട്ടാന

ഗൂഡല്ലൂർ ഗൂഡല്ലൂർ-–ബത്തേരി അന്തർസംസ്ഥാന പാതയിലെ ബിദർക്കാട് ടൗണിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി. വ്യാഴം രാവിലെ ഒമ്പതോടെ എത്തിയ കാട്ടാന ടൗണിലൂടെ കറങ്ങിനടന്നു. ബാങ്ക്, പെട്രോൾ പമ്പ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന തിരക്കേറിയ ഭാഗത്താണ് ആനയെത്തിയത്. ആനയെ കണ്ടതോടെ ജീവനക്കാരും നാട്ടുകാരും കടകളിലേക്ക് ഓടിക്കയറി. വിദ്യാർഥികൾ സ്‌കൂളിൽ പോകുന്ന സമയത്തായിരുന്നു സംഭവം. ദീർഘനേരം ടൗണിൽ കറങ്ങിയശേഷമാണ് ആന തിരികെ വനത്തിലേക്ക് മടങ്ങിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രാത്രികാലങ്ങളിൽ ടൗണിൽ കാട്ടാനശല്യം പതിവാണെങ്കിലും പകൽസമയം എത്തിയത് പരിഭ്രാന്തിയ്‌ക്കിടയാക്കി. കാട്ടാനശല്യം തടയാൻ പ്രതിരോധ കിടങ്ങുകളും സോളാർ വേലികളും നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പിന് പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പ്രദേശത്തെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments