ശ്രീരാമ വിലാസം തസ്കര സംഘം: കൊള്ളയ്‌ക്ക് കൂട്ട് മോദി

‘‘ഇന്ന് ഞങ്ങളുടെ രാമൻ വന്നു. നൂറ്റാണ്ടുകളുടെ അസാധാരണമായ കാത്തിരിപ്പിനുശേഷം ഇന്ന് ഞങ്ങളുടെ രാമൻ വന്നു. രാമന് വേണ്ടി ഞങ്ങൾ അസംഖ്യം ത്യാഗങ്ങളും പ്രായശ്ചിത്തങ്ങളും നടത്തി. ഇൗ അവസരത്തിൽ എനിക്ക് നിങ്ങളോട് ഒരുപാടൊരുപാട് കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, എന്റെ തൊണ്ടയിടറുന്നു. ദേഹം വിറയ്‌ക്കുന്നു. നമ്മുടെ രാംലല്ല ഇനി ടെന്റിൽ കഴിയേണ്ടിവരില്ല. ഇനിമുതൽ നമ്മുടെ രാമൻ ഇൗ വിശുദ്ധക്ഷേത്രത്തിൽ വാഴും’’
( 2024 ജനുവരി 22ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം)
രാംലല്ല വിരാജ്‌മാന്റെ (ബാലരൂപത്തിലെ ശ്രീരാമന്റെ പ്രതിഷ്‌ഠ) ‘ദിവ്യചൈതന്യ’ത്തിന് സാക്ഷിയായി തൊണ്ടയിടറിയ, ദേഹം വിറച്ച പ്രധാനമന്ത്രി രാജ്യത്തെ നടുക്കിയ രാമക്ഷേത്രത്തിലെ തീവെട്ടിക്കൊള്ളയിൽ ഇതുവരെ വായതുറന്നിട്ടില്ല. കോടിക്കണക്കിന് വിശ്വാസികൾ രാംലല്ലയ്‌ക്ക് സമർപ്പിച്ച പണവും സ്വർണവും മറ്റ് വിലയേറിയ കാണിക്കകളും ക്ഷേത്രത്തിനുള്ളിലെ തസ്‌കരസംഘം വർഷങ്ങളായി ആസൂത്രിതമായി കൊള്ളയടിച്ച സംഭവം ഇനിയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല...! രാമക്ഷേത്രനിർമാണത്തിലെ ക്രമക്കേടുകളും കമീഷനടിയും അദ്ദേഹം അറിഞ്ഞിട്ടില്ല...! അയോധ്യ കേന്ദ്രീകരിച്ച് നടക്കുന്ന കോടികൾ മറിയുന്ന ഭൂമികുംഭകോണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അദ്ദേഹം വായിച്ചിട്ടില്ല...! ഒന്നുംമിണ്ടാതെ അദ്ദേഹം വിദേശപര്യടനത്തിന് വിമാനം കയറി.
‘രാമജന്മഭൂമി ആന്ദോളനി’ൽ നരേന്ദ്ര മോദി വഹിച്ച പങ്ക് അന്വേഷിക്കുന്നവർക്ക് അധികം വിവരമൊന്നും ലഭിക്കാനിടയില്ല. 1990കളിൽ എൽ കെ അദ്വാനിയുടെ രഥയാത്ര ഗുജറാത്തിലെത്തിയപ്പോൽ സൗകര്യങ്ങളെല്ലാം ഒരുക്കിയത് അവിടെ സംഘടനാചുമതല വഹിച്ചിരുന്ന നരേന്ദ്രമോദിയാണ്. ‘ഗുജറാത്തിലെ നിരവധി ഗ്രാമങ്ങളിലൂടെ രഥയാത്രയുടെ സുഗമസഞ്ചാരം ഉറപ്പാക്കാൻ മോദി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മുംബൈവരെ അതിനെ പിന്തുടർന്നു’– ‘നരേന്ദ്രമോദി: എ പൊളിറ്റിക്കൽ ബയോഗ്രഫി’ എന്ന പുസ്‌തകത്തിൽ ആൻഡി മറിനോ എഴുതി.
അദ്വാനിയും മുരളിമനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പടെയുള്ള നേതാക്കൾ രാമജൻമഭൂമി പ്രക്ഷോഭത്തെ മുന്നിൽനിന്ന് നയിക്കുകയും ബാബ്‌റിമസ്‌ജിദ് തകർത്ത കേസിൽ പ്രതികളാകുകയും ചെയ്‌തപ്പോൾ മോദിയുടെ പേര് അക്കൂട്ടത്തിലൊന്നും ഉൾപ്പെട്ടില്ല. എന്നാൽ, 2019ൽ സുപ്രീംകോടതി രാമക്ഷേത്ര നിർമാണത്തിന് വിധി പുറപ്പെടുവിച്ചതിന് പിന്നാലെ മോദിയുടെ വ്യക്തിപരമായ നേട്ടമാണെന്ന രീതിയിൽ ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കം തുടങ്ങി.
‘മോദി വിഷ്‌ണുവിന്റെ അവതാരമാണെന്ന്’– രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചന്പത് റായി പുകഴ്‌ത്തി.
2020 ഫെബ്രുവരിയിൽ ക്ഷേത്രനിർമാണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ ‘ശ്രീ രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്’ രൂപീകരിച്ചതായി പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചു. എന്ത് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും ട്രസ്റ്റിന് ഉണ്ടാകുമെന്നും മോദി അറിയിച്ചു.
2020 ആഗസ്‌ത് അഞ്ചിന് ഭൂമിപൂജയിലെ മുഖ്യാതിഥി മോദിയായിരുന്നു. 2024 ജനുവരി 22ന് പ്രാണപ്രതിഷ്‌ഠയിൽ പ്രധാന അനുഷ്‌ഠാനങ്ങൾ നിർഹവിക്കുന്ന ‘യജമാനൻ’ ആയും മോദി തിളങ്ങി. എൽ കെ അദ്വാനിയെയും മുരളിമനോഹർ ജോഷിയെയും പോലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരെന്ന് വിശേഷിപ്പിക്കാവുന്ന നേതാക്കളെ ഒഴിവാക്കിയാണ് പ്രാണപ്രതിഷ്‌ഠാ മോദിയുടെ ‘വൺ മാൻ ഷോ’ ആക്കിയത്. ‘അദ്വാനി ജീയുടെയും ജോഷി ജീയുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് അവരോട് ചടങ്ങിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിച്ചിരുന്നു’– എന്നാണ് ചന്പത് റായി മുതിർന്ന നേതാക്കളുടെ അഭാവത്തെ ന്യായീകരിച്ചത്. ഇതേ ചന്പത് റായിയാണ് ഇപ്പോൾ ക്ഷേത്രക്കൊള്ളയുടെ പേരിൽ വിശ്വാസികളുടെ ഹൃദയങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
ക്ഷേത്രക്കൊള്ളയ്‌ക്ക് മോദിക്കോ ബിജെപിക്കോ മുസ്ലിങ്ങളെയോ പ്രതിപക്ഷപാർടികളെയോ പാകിസ്ഥാനെയോ അർബൻ നക്‌സലുകളെയോ ചൈനയെയോ കുറ്റപ്പെടുത്താനാകില്ല. ഹിന്ദുക്കളുടെ വിശ്വാസ സംരക്ഷകൻ, അഴിമതിക്കറ പുരളാത്ത ഭരണത്തിന്റെ നാഥൻ, സുതാര്യതയുടെയും വിശ്വാസ്യതയുടെയും അവസാനവാക്ക് തുടങ്ങിയ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് മോദിയും ബിജെപിയും എന്നും തെരഞ്ഞെടുപ്പ് നേരിട്ടിട്ടുള്ളത്. ഇൗ മൂന്ന് അവകാശവാദങ്ങളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് രാമക്ഷേത്രക്കൊള്ളകൾ.











0 comments