തേവലക്കരയുടെ കണ്ണുനീർ
മിഥുന്റെ ഓർമകൾക്ക് ഒരാണ്ട്

അമൽ ഷൈജു
Published on Jul 17, 2026, 01:12 AM | 2 min read
കൊല്ലം
തേവലക്കരയുടെ കണ്ണുകളെ ഇൗറനണിയിച്ച് യാത്രയായ മിഥുന്റെ ഓർമകൾക്ക് വെള്ളിയാഴ്ച ഒരാണ്ട്. തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ ഷോക്കേറ്റുമരിച്ച എട്ടാംക്ലാസുകാരൻ പടിഞ്ഞാറെകല്ലട വിളന്തറ മനുഭവനിൽ മനു –-സുജ ദമ്പതികളുടെ മകൻ മിഥുൻ ഇന്നും നാടിന് മങ്ങാത്ത ഓർമയാണ്. മിഥുൻ ഓടിച്ചാടി നടന്ന ആ സ്കൂൾ മുറ്റത്ത് ഇപ്പോഴും അവന്റെ ഓർമകളാണ്. സഹപാഠികളായിരുന്നവർ ഒരുപടി കടന്ന് ഒമ്പതിലെത്തി. എന്നാൽ, മിഥുന്റെ ഒപ്പമുള്ള ഓർമകൾ എട്ട് ബി ക്ലാസിൽ തളംകെട്ടി നിൽക്കുന്നു. ആ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തിൽനിന്ന് കുരുന്നുകൾ പലരും മുക്തരായിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മിഥുന്റെ ഓർമദിനത്തിലും ആ കുരുന്നുമനസ്സുകളിലെ നോവുണക്കാൻ അവർക്കും സാധിക്കുന്നില്ല. 2025 ജൂലൈ 17നാണ് സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽവീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. രാവിലെ 8.30നാണ് സംഭവം. ക്ലാസ് മുറിക്കുള്ളിൽ കൂട്ടുകാരുമൊത്ത് ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ ക്ലാസിൽനിന്ന് ബെഞ്ചും ഡെസ്‌കും വലിച്ചിട്ട് അതിൽ കയറി മുകൾജനാലയുടെ തടികൊണ്ടുള്ള മറ ഇളക്കിമാറ്റി അതിലൂടെ തകരഷെഡിന് മുകളിലേക്കു കയറി. ചെരുപ്പ് എടുക്കവെ, മഴയിൽ കുതിർന്ന ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിൽ പിടിച്ചതോടെയാണ് ഷോക്കേറ്റത്. തുടർന്ന് വൈദ്യുതിലൈനിനുമുകളിലേക്ക് വീണു. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റുള്ളവരും ചേർന്ന് കുട്ടിയെ താഴെ എത്തിച്ച് ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറെകല്ലട പട്ടകടവ് സെന്റ് ആഡ്രൂസ് യുപിഎസിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് മിഥുന്റെ സഹോദരൻ സുജിൻ. മിഥുൻ ഏഴാംക്ലാസുവരെ പഠിച്ചതും പട്ടകടവ് സെന്റ് ആഡ്രൂസ് യുപിഎസിൽ ആയിരുന്നു. ഇവിടെനിന്ന് ടിസി വാങ്ങി തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. മിഥുന്റെ ഓർമയ്‌ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് 20 ലക്ഷം രൂപ ചെലവഴിച്ച് വിളന്തറയിൽ നിർമിച്ച വീട്ടിലാണ് സുജിനും അമ്മയും അച്ഛനും താമസിക്കുന്നത്. വീട് നിർമാണത്തിന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടിയാണ് മുൻകൈയെടുത്തത്. അപകടത്തെ തുടർന്ന് എൽഡിഎഫ് സർക്കാർ നിർദേശപ്രകാരം സ്കൂൾ ഗ്രൗണ്ടിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റി പുനഃസ്ഥാപിച്ചിരുന്നു. സമീപത്തെ ഗേൾസ് സ്‌കൂളിലേക്കും ഒരു വീട്ടിലേക്കുമാണ് ഈ ലൈനിൽനിന്ന് കണക്‌ഷൻ നൽകിയിരുന്നത്. ഇവിടങ്ങളിലേക്ക് സ്‌കൂളിനു പുറത്തുകൂടി വ്യത്യസ്ത കണക്‌ഷനും നൽകി. എല്ലാ ക്ലാസ്‌മുറികളിലും നെറ്റടിച്ച് സുരക്ഷിതമാക്കി. പാചകത്തിനായി പഴയ കെട്ടിടത്തിലുണ്ടായിരുന്നു സൗകര്യം പുതിയ കെട്ടിടത്തിലേക്കു മാറ്റി. ശുചിമുറികൾ ആധുനിക സൗകര്യത്തിലാക്കി. പുതിയ കെട്ടിടത്തിന് അടുത്തദിവസങ്ങളിൽ നമ്പറിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ. അപകടശേഷം മാനേജർക്ക് അയോഗ്യത പ്രഖ്യാപിക്കുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നീട് സ്കൂളിൽ അറ്റകുറ്റപ്പണി നടത്തി സുരക്ഷാനടപടികൾ ശക്തമാക്കിയതോടെ ഇവ പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച മിഥുന്റെ വീട്ടിൽ സ്കൂൾ മാനേജ്‌മെന്റ് പ്രധിനിധികളും അധ്യാപകരും സന്ദർശിച്ച് ഓർമദിന ചടങ്ങുകളിൽ പങ്കെടുക്കും.










0 comments