ad
Deshabhimani

നർക്കിലക്കാട് ആശുപത്രി അനാഥം

മുഴുവൻ ഡോക്ടർമാരെയും സ്ഥലം മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2026, 02:00 AM | 1 min read

ഭീമനടി

നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ആകെ ഉണ്ടായിരുന്ന ഡോക്ടറെയും സ്ഥലം മാറ്റി. മലയോരത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യകേന്ദ്രമാണ് വെസ്റ്റ് എളേരിയിലെ നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രം. ശരാശരി 180 ഒപി ഉള്ള ഇവിടെ മൂന്ന് സ്ഥിരം ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. സായാഹ്ന ഒപിയ്ക്ക് പഞ്ചായത്ത് ഒരു ഡോക്ടറെയും നിയമിച്ചിരുന്നു. ഇവിടെ രണ്ട് ഡോക്ടറെ സ്ഥലം മാറ്റിയിട്ട് ആഴ്ചകളായി. മെഡിക്കൽ ഓഫീസർ ഡോ. അലോക് മാത്രമാണ് അശേഷിച്ചിരുന്നത്. ഇദ്ദേഹത്തെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായി. പകരം സംവിധാനം ഒരുക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യംപോലും അധികൃതർ അവഗണിച്ചു. ഒരു ഡോക്ടർ മാത്രം ഉള്ളപ്പോഴും ഏറെ ക്ലേശിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. മെഡിക്കൽ ഓഫീസർ പ്രതിമാസ യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോഴും രോഗികൾ വലഞ്ഞിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിന്റെ ആരോഗ്യ മേഖലയുടെ നിർഹണ ഉദ്യോഗസ്ഥനാണ് നർക്കിലക്കാട് മെഡിക്കൽ ഓഫീസർ. ഇത് പഞ്ചായത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന ഒരാശുപത്രിയിൽ നിന്ന് മുഴുവൻ ഡോക്ടർമാരേയും സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതഷേധം ശകാതമായിട്ടുണ്ട്. വെസ്റ്റ് എളേരിയിലെ മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിലും രണ്ട് ഡോക്ടർമാരിൽ ഒരാളെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഡെങ്കിപ്പനിയും, വൈറൽപനിയൂം, പകർച്ചവ്യാധികളും എല്ലാം സജീവമായി ഉള്ളപ്പോഴാണ് നിരവധി ആദിവാസി ഉന്നതികളിൽ ഉള്ളവർ ഉൾപ്പെടെ നിരവധി ആളുകൾക്ക് ആശ്രയമാകേണ്ട ആശുപത്രിയിൽനിന്നും ഡോക്ടർമാരെ അപ്പാടെ സ്ഥലം മാറ്റിയത്. പഞ്ചായത്ത് സായാഹ്ന ഒപിയ്ക്കായി നിയമിച്ച ഡോക്ടറെ ഉപയോഗിച്ചാണ് ഇപ്പോൾ പഞ്ചായത്ത് താൽകാലിക സംവിധാനം ഒരുക്കിയത്. മുൻ സർക്കാർ അടിസ്ഥാന സൗകര്യം എല്ലാം ഒരുക്കിയും ആവശ്യത്തിന് ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ അനുവദിച്ചും മെച്ചപ്പെടുത്തിയ ആശുപത്രിയുടെ പ്രവർത്തനം കുറഞ്ഞ നാളിൽതന്നെ തകിടം മറിഞ്ഞു. അടിയന്തിരമായും ഡോക്ടർമാരെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു ആരോഗ്യവകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home