ad
Deshabhimani

ടെട്രാപോഡ്‌ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്‌

ഉയരുന്നു 
ആശങ്കയുടെ തിരകൾ

Tetrapod Project
വെബ് ഡെസ്ക്

Published on Jul 17, 2026, 02:36 AM | 2 min read

പള്ളുരുത്തി


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കരുതലിന്റെ കോട്ടയായി ചെല്ലാനത്ത്‌ ടെട്രാപോഡ്‌ കടൽഭിത്തി കെട്ടിയപ്പോൾ തീരത്ത്‌ ഉയർന്നത്‌ ആഹ്ലാദത്തിരകളായിരുന്നു.


കടലാക്രമണത്തിൽനിന്ന്‌ വീടിനും ജീവനും സുരക്ഷ ഒരുക്കാൻ നിർമിച്ച ടെട്രാപോഡ്‌ കടൽഭിത്തി തീരവാസികൾക്ക്‌ സമ്മാനിച്ചത്‌ പുതുജീവിതം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതോടെ പദ്ധതിക്ക്‌ തുടർച്ചയുണ്ടാകാനുള്ള സാധ്യത മങ്ങി. മുൻ എൽഡിഎഫ്‌ സർക്കാർ ഭരണാനുമതി നൽകിയ 404 കോടി രൂപയുടെ രണ്ടാംഘട്ടത്തിന്‌ യുഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ആദ്യബജറ്റിൽ നയാപൈസയില്ല. പുത്തൻതോടുമുതൽ മാനാശേരിവരെ 6.1 കിലോമിറ്റർ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ഭാവി അതോടെ ത്രിശങ്കുവിലായി.

ചെല്ലാനം ഹാബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററിലാണ്‌ മുൻ എൽഡിഎഫ്‌ സർക്കാർ ടെട്രാപോഡ്‌ കടൽഭിത്തി നിർമിച്ചത്‌. 340 കോടി രൂപ ചെലവിട്ട്‌ പദ്ധതി പൂർത്തിയായതോടെ ഇ‍ൗ ഭാഗത്ത്‌ കടലാക്രമണം പഴങ്കഥയായി. രണ്ടാംഘട്ടം എന്നനിലയിൽ പുത്തൻതോടുമുതൽ മനാശേരിവരെ 6.1 കിലോമീറ്ററിൽ ടെട്രാപോഡ് നിർമിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ അനുമതി നൽകി. കിഫ്ബി വഴി 404 കോടിയുടെ ഭരണാനുമതിയാണ്‌ നൽകിയത്‌. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്‌ കോർപറേഷനാണ്‌ നിർമാണച്ചുമതല. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–ഓപ്പറേറ്റീവ് സൊസൈറ്റി വഴി നിർവഹിക്കാനുമായിരുന്നു തീരുമാനം. ഒരുലക്ഷത്തിലധികം ടെട്രാപോഡുകളും 6.85 ലക്ഷം ടൺ കരിങ്കല്ലും ഇതിന്‌ ചെലവാകുമെന്നും കണക്കാക്കി. ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണവും രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മാർച്ച് എട്ടിന് നിർവഹിച്ചു.


യുഡിഎഫ് സർക്കാർ എത്തിയതോടെ രണ്ടാംഘട്ട ടെട്രാപോഡ്‌ കടൽഭിത്തി പദ്ധതിയെ തഴഞ്ഞു. യുഡിഎഫ്‌ ജനപ്രതിനിധി ഉൾപ്പെടുന്ന മണ്ഡലത്തിലെ തീരജനതയുടെ നിലനിൽപ്പിന്റെ പ്രശ്‌നമായിരുന്നിട്ടും ആദ്യ ബജറ്റിൽ പദ്ധതിയെക്കുറിച്ച്‌ മിണ്ടിയില്ല. എന്നാൽ, ആദ്യഘട്ട നിർമാണം മാതൃകാപരമായി പൂർത്തിയാക്കിയ ഉ‍ൗരാളുങ്കൽ സൊസൈറ്റിയെ കുറ്റപ്പെടുത്തുന്ന ചോദ്യങ്ങൾ യുഡിഎഫ്‌ എംഎൽഎയിൽനിന്ന്‌ നിയമസഭയിൽ ഉയർന്നത്‌ വിചിത്രമായി. തീരവും കടലും കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ വിട്ടുകൊടുക്കാൻ ഉത്സാഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനും സംഘവും ചെല്ലാനത്തെ അവഗണിച്ചു. പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളും സ്വീകരിച്ചില്ല.


സിപിഐ എം പ്രതിഷേധസദസ്സ്‌ ഇന്ന്‌


പള്ളുരുത്തി


തീരം സംരക്ഷിക്കണമെന്നും ടെട്രാപോഡ്‌ പദ്ധതി അട്ടിമറിക്കരുതെന്നും ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധസദസ്സ്‌ സംഘടിപ്പിക്കും. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ കണ്ണമാലിയിൽ നടക്കുന്ന പ്രതിഷേധസദസ്സ്‌ കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌, ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്‌സി എന്നിവർ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home