ad
Deshabhimani

വീണ്ടുമെത്തി ഇരുട്ടിലായ അക്കാലം

ദേ.. വന്നൂ, ദാ.. പോയി

power cut
വെബ് ഡെസ്ക്

Published on Jul 17, 2026, 02:49 AM | 2 min read

കൊച്ചി


രാവെന്നോ പകലെന്നോ ഭേദമില്ലാതെ, നിശ്ചിത നേരവും കാലവും ഇല്ലാതെ നടമാടുന്ന പവര്‍ക്കട്ടില്‍ പൊറുതിമുട്ടി നാട്‌. "ചെറിയതോതിലുള്ള വൈദ്യുതി നിയന്ത്രണം' എന്നാണ് വകുപ്പുമന്ത്രി സണ്ണി ജോസഫ് പറയുന്നതെങ്കിലും പലപ്പോഴായി മണിക്കൂറുകളോളമാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. പത്ത്‌ വർഷത്തെ ഇടവേള അവസാനിപ്പിച്ച്‌ നാടിനെ വട്ടംകറക്കുന്ന പവർക്കട്ടിന്റെ ദുരിതം സകല മേഖലകളെയും ബാധിച്ചുകഴിഞ്ഞു. എപ്പോൾ പോകുമെന്നോ വരുമെന്നോ നിശ്ചയമില്ലാത്ത വൈദ്യുതി നിയന്ത്രണം നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന നിലയിലേക്കും മാറി.


മുന്പും സംസ്ഥാനത്ത്‌ പവർക്കട്ട്‌ നടപ്പാക്കിയിട്ടുണ്ട്‌. പത്ത്‌ വർഷംമുന്പ്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ഒടുവിലുണ്ടായത്‌. സന്പൂർണ സ്‌തംഭനമായിരുന്നെങ്കിലും വൈദ്യുതിയുടെ പോക്കിനും വരവിനും ഒരു വ്യവസ്ഥയൊക്കെയുണ്ടായിരുന്നെന്ന്‌ നാട്ടുകാർ ഓർക്കുന്നു. രണ്ടുനേരത്തായി അരമണിക്കുർവീതം സ്വിച്ചിട്ടതുപോലെയായിരുന്നു പോക്കും വരവും. ഇപ്പോൾ ഏതുനേരത്തും പോകാമെന്നസ്ഥിതിയാണ്‌. എപ്പോൾ വരുമെന്നോ എത്രപ്രാവശ്യം വീണ്ടും പോകുമെന്നോ പറയാനാകില്ല. ഇതുമൂലം വീടുകളിലെ സാധാരണ ജനജീവിതം അടിമുടി താളംതെറ്റി.


പൊതു, സ്വകാര്യമേഖലകളിലായി വന്‍ വ്യവസായങ്ങൾമുതൽ ചെറുതും വലുതുമായ വാണിജ്യസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളുമൊക്കെ സ്‌തംഭനത്തിലായി. ഹോട്ടല്‍, മത്സ്യബന്ധനം–സംസ്കരണം തുടങ്ങി നിരവധി മേഖലകളെയും വൈദ്യുതി നിയന്ത്രണം ഇരുട്ടിലാക്കി. റിഫൈനറി, ഇൻഫോപാർക്ക്, ഫാക്ട്, കണ്ടെയ്നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, കപ്പൽശാല തുടങ്ങി വൻ വ്യവസായങ്ങൾ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്തെ ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുതി വലിയതോതില്‍ ഇവിടെയാണ് ഉപയോഗിക്കുന്നത്.


കഴിഞ്ഞദിവസങ്ങളില്‍ വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ രണ്ടുഘട്ടമായി വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നാണ്‌ ബോര്‍ഡ് അറിയിച്ചതെങ്കിലും അതിനുശേഷവും മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂര്‍ മണ്ഡലത്തിടക്കം പലതവണ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചു. പാചകവാതക പ്രതിസന്ധികൂടിയുള്ളതിനാല്‍ വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യുന്നവരും നിരവധിയാണ്. അടിക്കടി വൈദ്യുതി നിലയ്‌ക്കുന്നതിനാല്‍ ഇന്‍വെര്‍ട്ടര്‍, സോളാര്‍ വിളക്കുകള്‍, മെഴുകുതിരി എന്നിവയുടെ വില്‍പ്പനയും വർധിച്ചു.


​മാടക്കത്തറ, കൂടംകുളം എന്നിവടങ്ങളില്‍നിന്നെത്തുന്ന വൈദ്യുതി കളമശേരി, വൈറ്റില, ബ്രഹ്മപുരം എന്നീ മൂന്ന് സബ് സ്റ്റേഷനുകളി‍ല്‍നിന്നാണ് ജില്ലയിലെ വിതരണശൃംഖലയിലേക്ക് പ്രധാനമായും എത്തുന്നത്. വരുംദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന.​


dyfiപവർകട്ട് തിരികെകൊണ്ടുവന്ന് കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്യുന്നു

പവർകട്ട് തിരികെകൊണ്ടുവന്ന് കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്യുന്നു

തീപ്പെട്ടിയും 
 മെഴുകുതിരിയും 
 നല്‍കി 
 ഡിവൈഎഫ്ഐ


കൊച്ചി


പവർക്കട്ട് തിരികെ കൊണ്ടുവന്ന് കേരളത്തെ ഇരുട്ടിലാഴ്‌ത്തുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി എറണാകുളം ബോട്ട്‌ജെട്ടി പരിസരത്ത് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്ത് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിഖിൽ ബാബു, കെ സി അരുൺ കുമാർ, ജെൻസി കെ എസ്, വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു. ബസ് യാത്രികരായ നിരവധിപേർ മെഴുകുതിരിയും തീപ്പെട്ടിയും ഏറ്റുവാങ്ങി പ്രതിഷേധത്തിന്റെ ഭാഗമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home