സ്കൂൾ തുറന്നിട്ട് ഒന്നരമാസം
എന്നുകിട്ടും പുസ്‌തകവും യൂണിഫോമും

സ്വന്തം ലേഖിക
Published on Jul 17, 2026, 01:15 AM | 2 min read
കോഴിക്കോട്
അധ്യയനവര്‍ഷം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും പൂർത്തിയായില്ല. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലായി 10,000 പുസ്തകങ്ങൾ ഇനിയും വിതരണം ചെയ്യാനുണ്ട്. പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിട്ടും ആവശ്യമായ പുസ്‌തകത്തിന്റെ പകുതിപോലും മിക്ക സ്‌കൂളുകളിലും എത്തിയിട്ടില്ല.
പാഠപുസ്തകങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് ജില്ലാഹബ്ബിൽ എത്തിയത്. വര്‍ക്ക് ബുക്കുകളും ആക്ടിവിറ്റി ബുക്കുകളും ഉൾപ്പെടെയാണ് വിതരണം ചെയ്യാത്തത്. ഓണപ്പരീക്ഷ അടുക്കാനായിട്ടും ഒന്നാം വോള്യത്തിലെ പുസ്തകങ്ങൾ ലഭിക്കാത്തത് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി. 38.86 ലക്ഷം പുസ്തകങ്ങളാണ് ഒന്നാം വോള്യത്തിൽ ആവശ്യമുള്ളത്. എൻജിഒ ക്വാര്‍ട്ടേഴ്സിൽനിന്ന് ജില്ലയിലെ വിവിധ സൊസൈറ്റികളിലേക്കും അവിടെനിന്ന് വിവിധ സ്കൂളുകളിലേക്കുമാണ് പാഠപുസ്‌തകങ്ങൾ എത്തിക്കുന്നത്. 333 സൊസൈറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ആഗസ്‌തിൽ ഓണപ്പരീക്ഷ നടക്കാനിരിക്കെ പുസ്തകങ്ങൾ ലഭിക്കാത്തതിനാൽ അധ്യാപനവും പഠനവും ഒരുപോലെ തടസ്സപ്പെടുകയാണ്. സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകർ കൂട്ടമായി പോയതിനൊപ്പമാണ് പുസ്‌തകമില്ലാത്ത പ്രതിസന്ധി.
എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോൾ അധ്യയനവര്‍ഷം തുടങ്ങുമ്പോഴേക്കും പു്‌സതക വിതരണം പൂര്‍ത്തിയായിരുന്നു.
ജില്ലയിലെ ഭൂരിഭാഗം സ്കൂൾ വിദ്യാര്‍ഥികൾക്കും യൂണിഫോം ഇതുവരെയും ലഭിച്ചിട്ടില്ല. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലായാണ് തുണിത്തരങ്ങൾ സ്കൂളിൽ എത്തിയിരുന്നത്. ചിലയിടത്ത് ഘട്ടംഘട്ടമായാണ് ലഭിക്കുന്നത്. ലഭിച്ച ഇടങ്ങളിൽത്തന്നെ നിറംമാറിയെന്നും തുണിയുടെ അളവ് അറിയിച്ചതിലും കുറവാണെന്നുമെല്ലാം പരാതിയുണ്ട്. ഷര്‍ട്ടിനുള്ള തുണി മാത്രമെത്തി പാന്റിനുള്ളത് എത്താത്ത സംഭവങ്ങളുമുണ്ട്. ഓൺലൈനായാണ് കുട്ടികളുടെ വിവരങ്ങളും ആവശ്യമായ അളവും മുൻകൂട്ടി ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് നൽകിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവവും പിഴവുകളും പൊതുവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുകയാണ്.
പ്ലസ് വണ്ണിലും പ്രതിസന്ധി
പ്ലസ് വണ്ണിൽ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളാണ് കിട്ടാനുള്ളത്. പലരും മറ്റു വിദ്യാര്‍ഥികളുടെ പുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്തും എസ്‌സിഇആർടിയുടെ വെബ്‌സൈറ്റിലുള്ള പാഠപുസ്‌തകത്തിന്റെ പിഡിഎഫ് പ്രിന്റ് എടുത്തുമെല്ലാമാണ് പഠിക്കുന്നത്.
ഒടുവിൽ ഡിഡിഇ എത്തി
സ്‌കൂൾ തുറന്ന് ഒന്നര മാസത്തിനുശേഷം ജില്ലയിൽ ഡിഡിഇയെ (വിദ്യാഭ്യാസ ഉപ ഡയറക്ടര്‍) നിയമിച്ചു. കൊല്ലം കൊട്ടാരക്കര ഡിഇഒ ആയിരുന്ന സി എസ് അമൃതയെയാണ് സ്ഥാനക്കയറ്റത്തോടെ കോഴിക്കോട് ഡിഡിഇ ആയി നിയമിച്ചത്. സ്കൂൾ തുറന്ന് മാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ മേഖലയെ നയിക്കേണ്ട തസ്‌തികയിൽ നിയമനം നടത്താത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. അധ്യാപകരുടെ തസ്തിക നിയമനവും സെൻസസ് ഡ്യൂട്ടി ക്രമീകരണവും ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന ചുമതലകളെല്ലാം ഡിഡിഇയുടെ അഭാവത്തിൽ താളം തെറ്റിയിരിക്കുകയായിരുന്നു. മെയ് 31നാണ് ഡിഡിഇ ടി അസീസ് വിരമിച്ചതിനെ തുടര്‍ന്ന് വടകര ഡിഇഒയ്ക്കായിരുന്നു ഡിഡിഇയുടെ അധിക ചുമതല.
ഒടുവിൽ ഡിഡിഇ എത്തി










0 comments