വഴിയോര കച്ചവടക്കാർക്ക് വൻ നഷ്ടം
കച്ചവടത്തിനിടെ പഞ്ചായത്ത് അധികൃതരും പൊലീസും മീൻ പിടിച്ചെടുത്തു

കുണ്ടറ
ആശുപത്രിമുക്കിൽ പാതയോരത്ത് കച്ചവടം നടത്തിവന്ന സ്ത്രീ കച്ചവടക്കാരുടെ മീൻ ഇളമ്പള്ളൂർ പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് പിടിച്ചെടുത്തു. വ്യാഴം വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വർഷങ്ങളായി ഇവിടെ വിൽപ്പന നടത്തിവരുന്ന കച്ചവടക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകുകയോ ട്രേഡ് യൂണിയൻ അംഗങ്ങളായ ഇവരെ ചർച്ചക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. മീൻ സൂക്ഷിക്കാൻ കരുതിയിരുന്ന ഐസ് തട്ടിക്കളഞ്ഞശേഷം പഞ്ചായത്ത് ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും ചില കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് പതിനായിരങ്ങൾ വില വരുന്ന മീൻ പിടിച്ചെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. ഇവ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഓഡിറ്റോറിയത്തിൽ എത്തിച്ച് ഗ്രിൽ താഴിട്ട് പൂട്ടി. പിന്നീട് കച്ചവടക്കാർ ഇവിടെയെത്തി മീൻ തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതേത്തുടർന്ന് വിൽപ്പനക്കാർ പഞ്ചായത്ത് കവാടത്തിൽ പ്രതിഷേധിച്ചു. സംഭവമറിഞ്ഞെത്തിയ പൊതുപ്രവർത്തകരും ട്രേഡ് യൂണിയൻ നേതാക്കളും സിപിഐ എം പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറുന്നതിനു അവർക്ക് സാവകാശം നൽകണമായിരുന്നുവെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് കച്ചവടക്കാർക്ക് മീൻ തിരികെ നൽകി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ് എൽ സജികുമാർ, സി സന്തോഷ്, എം വിൻസെന്റ്, പി രമേശ് കുമാർ, സിജോ, ജി ശിവൻ, അബ്ബാസ്, കബീർ, വിഷ്ണു, കിരൺ എന്നിവർ നേതൃത്വം നൽകി.











0 comments