ഫോർട്ട് കൊച്ചിയിലെ പൈതൃക തൂക്കുപാലത്തിന് 105 വയസ്സ്

ഫോർട്ട് കൊച്ചിയിലെ പൈതൃക തൂക്കുപാലം
സ്വന്തം ലേഖിക
Published on Jul 17, 2026, 01:40 AM | 1 min read
മട്ടാഞ്ചേരി
രണ്ട് കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ പൈതൃക തൂക്കുപാലത്തിന് 105 വയസ്സ് പിന്നിട്ടു. ഫോർട്ട് കൊച്ചിയിലെ ടവർ റോഡിനോടുചേർന്നുള്ള ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിനെയും അതിനുപിന്നിലെ ഓഫീസ് കെട്ടിടത്തെയും ബന്ധിപ്പിക്കുന്നതിനായി പ്രമുഖ ജൂത വ്യവസായിയും കോഡർ കുടുംബാംഗവുമായ സാമുവൽ എസ് കോഡർ ആണ് 1920 ല്‍ ഈ പാലം നിർമിച്ചത്.
1905-ൽ നിർമിച്ച മൂന്ന് നിലകളുള്ള ചുവന്ന ഇഷ്ടികക്കെട്ടിടമായ കോഡർ ഹൗസിന് പിന്നിലെ ഓഫീസ് കെട്ടിടത്തിലേക്ക് എളുപ്പത്തിൽ എത്താനായിരുന്നു റോസ് ലെയ്‌നിന് മുകളിലൂടെ പാലം നിർമിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്താണ് നിർമാണമെങ്കിലും ഇത് ബ്രിട്ടീഷുകാർ നിർമിച്ചതല്ല എന്നതാണ് പ്രത്യേകത. റോസ് ലെയ്‌നിന് മുകളിലൂടെ തെക്കു-വടക്ക് ദിശയിൽ നിർമിച്ച പാലം ഇരുമ്പുഫ്രെയിമിൽ മരപ്പലകകൾ വിരിച്ചാണ് ഒരുക്കിയത്. ഇരുവശങ്ങളിലും ഗ്രില്ലുകളും കൈവരികളുമുണ്ട്. നിർമാണത്തിന് അന്നത്തെ ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അനുമതിയും ലഭിച്ചിരുന്നു.
കോഡർ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന കെട്ടിടങ്ങൾ പിന്നീട് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയതോടെ പാലത്തിന്റെ ഉപയോഗവും അവസാനിച്ചു. ഓഫീസ് ഭാഗത്തേക്കുള്ള പ്രവേശനകവാടം അടച്ചതോടെ ഇന്ന് ഇത് ചരിത്രത്തിന്റെ നിശബ്ദ സാക്ഷിമാത്രം.











0 comments