ad
Deshabhimani

ചെങ്കടൽ പൂട്ടാൻ ഹൂതികൾ: ആക്രമണം കടുപ്പിച്ച്‌ യുഎസ്‌

us iran
വെബ് ഡെസ്ക്

Published on Jul 17, 2026, 02:13 AM | 1 min read

തെഹ്‌റാൻ: ഇറാനിൽ യുഎസിന്റെ ആക്രമണം അഞ്ചാം ദിവസവും തുടർന്നു. വ്യാഴാഴ്‌ച പുലർച്ചെ മുതൽ വടക്കൻ ഇറാനിലേക്ക് കൂടി വ്യാപിപ്പിച്ച ആക്രമണത്തിൽ വിവിധയിടങ്ങളിൽ വൻനാശനഷ്‌ടങ്ങളുണ്ടായി. ഗ്രേറ്റർ ടുൺബ് ദ്വീപിലെ ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനങ്ങൾക്കും ക്രൂയിസ് മിസൈൽ സംഭരണകേന്ദ്രങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദന കേന്ദ്രവും ബഹിരാകാശ പദ്ധതികളും സ്ഥിതി ചെയ്യുന്ന വടക്കൻ പ്രവിശ്യയായ സെമ്നാനിലും പടിഞ്ഞാറൻ ലോറെസ്‌താനും ആക്രമിച്ചു.

നാവിക ഉപരോധം ലംഘിച്ച് ഖാർഗ് ദ്വീപിലെ എണ്ണ ടാങ്കർ ടെർമിനലിലേക്ക് നീങ്ങാൻ ശ്രമിച്ച കുറകാവോ പതാക വഹിക്കുന്ന ബെൽമ എണ്ണക്കപ്പലിനുനേരെയും യുഎസ്‌ ആക്രമണമുണ്ടായി. തെക്കുപടിഞ്ഞാറൻ ഇറാനിലെ കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണമുണ്ടായി. തുടർന്ന്‌ കീമോതെറാപ്പിക്ക് വിധേയരായിക്കൊണ്ടിരുന്ന 211 കുട്ടികളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മറുപടിയായി ജിസിസി മേഖലയിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തി. കുവൈത്തിലെ അലി അൽ സലേം എയർ ബേസ്, ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിലെ കമ്മ്യൂണിക്കേഷൻ, റഡാർ സംവിധാനങ്ങൾ, ജോർദാനിലെ അൽ-അസ്രഖ് ബേസിലെ കമാൻഡ് സെന്ററും ഫൈറ്റർ ജെറ്റ് റാംപ് എന്നി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.

ഇറാഖ് അതിർത്തിയിൽ യുഎഇയിൽ നിന്ന് വന്ന അമേരിക്കൻ ബ്രാൻഡഡ് കാറുകൾ കയറ്റിയ കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇന്ത്യക്കാരെ ഹോർമുസ് വഴിയുള്ള കപ്പലുകളിൽ ജോലിക്ക് നിയോഗിക്കരുതെന്ന് ഇന്ത്യൻ ഷിപ്പിങ്‌ മന്ത്രാലയം കപ്പൽ കമ്പനികളോട്‌ നിർദേശിച്ചു. ഇറാന്റെ പ്രധാന ഊർജ -വൈദ്യുതി നിലയങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയാൽ, ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് എൽ-മന്ദേബ് കടലിടുക്ക് പൂർണമായി അടച്ചുപൂട്ടാൻ യമനിലെ ഹൂതികളോട്‌ ഇറാൻ നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home