ad
Deshabhimani

ഉദ്‌ഘാടനം അഗത്തിയിൽ

കൊച്ചി–ലക്ഷദ്വീപ്‌ 
സീപ്ലെയിൻ സർവീസ്‌ 19 മുതൽ

sea plain

പരീക്ഷണപ്പറക്കലിന്റെ ഭാഗമായി സീപ്ലെയിൻ ലക്ഷദ്വീപ്‌ തീരത്തെത്തിയപ്പോൾ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Jul 17, 2026, 02:15 AM | 1 min read

കൊച്ചി


കൊച്ചിയിൽനിന്ന്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസിന്‌ 19ന് തുടക്കമാകും. വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സീപ്ലെയിൻ സർവീസ്‌ അഗത്തി ദ്വീപിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ഉദ്‌ഘാടനംചെയ്യും. കൊച്ചി വിമാനത്താവളത്തിൽനിന്ന്‌ ലക്ഷദ്വീപിലേക്ക്‌ നടത്തിയ പരീക്ഷണപ്പറക്കലുകൾ വിജയകരമായതിന്‌ പിന്നാലെയാണ്‌ ഉദ്‌ഘാടനം. 20 മുതൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ്‌ ആരംഭിക്കും.


ഹരിയാന ആസ്ഥാനമായ സ്‌കൈഹോപ് ഏവിയേഷനാണ്‌ ലക്ഷദ്വീപിലെ കൽപേനി, ചെറിയം, അഗത്തി, കവരത്തി, കിൽത്തൻ, കടമത്ത്‌ ദ്വീപുകളിലേക്ക്‌ സർവീസ്‌ നടത്തുക. കഴിഞ്ഞ ഏപ്രിലിലാണ്‌ ഇവർക്ക്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചത്‌. മെയ്‌ 13 മുതൽ സിയാലിൽനിന്ന്‌ ലക്ഷദ്വീപിലേക്ക്‌ പരീക്ഷണപ്പറക്കലുകൾ നടത്തി. പൈലറ്റ്‌ ഉൾപ്പെടെ 20 പേർക്ക്‌ യാത്രചെയ്യാവുന്ന കനേഡിയൻ നിർമിത ‘വൈകിങ് ഡിഎച്ച്‌സി 6400 ട്വിൻ ഓട്ടർ’ വിമാനമാണ്‌ സർവീസ്‌ നടത്തുന്നത്‌. രണ്ടുമണിക്കൂറിൽ താഴെയാണ്‌ കൊച്ചി– ലക്ഷദ്വീപ്‌ സീപ്ലെയിൻ യാത്രയ്‌ക്ക്‌ വേണ്ടത്‌.


കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സർവീസിന്‌ ഇവിടെ ആവശ്യമായ സ‍ൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌. ലക്ഷദ്വീപ്‌ തീരത്തോടുചേർന്ന്‌ വാട്ടർ എയറോഡ്രോമും സജ്ജം.


വെള്ളത്തിലും കരയിലും ഇറങ്ങാൻ കഴിയുന്ന (ആംഫിബിയൻ) വിമാനങ്ങൾ പറപ്പിക്കാൻ ലൈസൻസുള്ള മലയാളിയായ അരുൺ ഗോപാണ് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരിൽ ഒരാൾ. ഇത്തരം ലൈസൻസുള്ള രാജ്യത്തെ ഏക പൈലറ്റ്‌ കൂടിയാണ്‌ കോട്ടയം നെടുംകുന്നം സ്വദേശി അരുൺ ഗോപ്. ഫിജി സ്വദേശിയാണ്‌ രണ്ടാമത്തെ പൈലറ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home