ആഘോഷമാക്കി കിടിലൻ കംബാക്ക്

ഫുട്ബോള്‍ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതോടെ പുതിയപാലത്തെ ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയ ആരാധകരുടെ ആവേശം

സ്വന്തം ലേഖകൻ
Published on Jul 17, 2026, 12:36 AM | 1 min read
കോഴിക്കോട്
ലോകകപ്പ് ഫുട്‌ബോൾ സെമിയിലെ അർജന്റീന ടീമിന്റെ കിടിലൻ തിരിച്ചുവരവും ഫൈനൽ പ്രവേശനവും ആഘോഷമാക്കി ആരാധകർ. പടക്കം പൊട്ടിച്ചും റോഡ് ഷോ നടത്തിയും ആരാധകർ വിജയം ആഘോഷിച്ചു. ലോകകപ്പ് തുടങ്ങിയതിനുശേഷമുള്ള മത്സരങ്ങളിലെ വിജയങ്ങളിൽ വിവിധ ടീമുകളുടെ ആരാധകർ നടത്തിയ ആഘോഷങ്ങളിൽ ഏറ്റവും മികച്ചതും കൂടുതൽ പേർ പങ്കെടുത്തതുമായ ആഘോഷമായി വ്യാഴാഴ്‌ചത്തേത്. വലിയ സ്‌ക്രീനുകൾക്ക് മുന്നിലും പ്രദർശനയിടങ്ങളിലും ടീമുകളുടെ ആരാധകർ തടിച്ചുകൂടിയിരുന്നു. രണ്ടാം പകുതി തുടങ്ങി 55–ാം മിനിറ്റിൽ ഇംഗ്ലണ്ട് അർജന്റീനയുടെയും ആരാധകരുടെയും നെഞ്ചിൽ തീ കോരിയിട്ടു. 1–0 എന്ന സംഖ്യ സ്‌ക്രീനിൽ തെളിഞ്ഞതോടെ ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഫ്രാൻസ് ആരാധകർ പരിഹാസങ്ങളുമായെത്തി. 85–ാം മിനിറ്റിൽ മെസിയുടെ പാസിൽ ഫെർണാണ്ടസിന്റെ ലോങ് റേഞ്ചർ ലക്ഷ്യം കണ്ടപ്പോൾ ആരാധകർക്കും ജീവൻ തിരിച്ചുകിട്ടി. വിജയ ഗോൾ പിറന്നതോടെ ആവേശം അലകടലായി. ഗ്രാമ– നഗര ഭേദമന്യേ റോഡ്‌ഷോയും ആഘോഷപരിപാടികളും തുടങ്ങി. പാട്ടും ഡാൻസുമായി ആരാധകർ ഇളകിമറിഞ്ഞു.











0 comments