"സ്‌നേഹിക്കുന്നവരെ ഉപേക്ഷിക്കാനാകുമോ....’

ബിനോജ് വളർത്തുമൃഗങ്ങളുമായി വിമാനത്താവളത്തിൽ
വി സെയ്ദ്
Published on Jul 17, 2026, 12:41 AM | 1 min read
എടപ്പാൾ
‘അത്രയും സ്‌നേഹിക്കുന്നവരെ എങ്ങനെ ഉപേക്ഷിക്കും’– നാട്ടിലേക്ക് പോരുമ്പോൾ വളർത്തുമൃഗങ്ങളെയും കൂടെക്കൂട്ടിയ മൂക്കുതല സ്വദേശി ബിനോജിന്റെ വാക്കുകളിലുണ്ട് പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം. നീണ്ട അവധിക്ക് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ തന്റെ ഓമനകളായ പൂച്ചകളെയും പട്ടികളെയും കൂടെ കൂട്ടിയതിന്റെ സന്തോഷത്തിലാണ് ബിനോജ്. ഇന്തോനേഷ്യയില്‍ ഐടി സെക്ടറില്‍ ജോലിചെയ്യുന്ന ചങ്ങരംകുളം മൂക്കുതല വടക്കുമുറി സ്വദേശി വാഴള്ളി വളപ്പില്‍ ബിനോജാണ് തന്റെ മൂന്ന് പൂച്ചകളെയും രണ്ട് പട്ടികളെയും അവിടെ ഉപേക്ഷിക്കാതെ വലിയ തുക ചെലവഴിച്ച് നാട്ടിലേക്ക് ഒപ്പംകൂട്ടിയത്. ഇവരുടെ യാത്രയ്ക്കായി അഞ്ചുലക്ഷത്തിലധികം രൂപയാണ് ചെലവിട്ടത്. ‘അവരോടുള്ള വൈകാരിക അടുപ്പം അത്രയും വലുതാണ്. അതുകൊണ്ട് പണംനോക്കിയില്ല’– കൊച്ചി എയർപോർട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം വന്നിറങ്ങിയ ബിനോജ് പറഞ്ഞു. ട്വിക്‌സ്, ഷാലി പട്ടികളും, മില്ലി, ഉനോ, ബെല്ല എന്നീ പൂച്ചകളുമായാണ് ബിനോജ് കഴിഞ്ഞദിവസം മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയത്. അഞ്ച് പ്രത്യേക കൂടുകളിലാക്കിയായിരുന്നു യാത്ര. ഹോങ്കോങ്ങിലെ ജോലിക്കിടയിലാണ് പട്ടികള്‍ ജീവിതത്തിന്റെ ഭാഗമായത്. തൊട്ടടുത്തെ താമസക്കാർ ഉപേക്ഷിക്കാനിരുന്നവരെ ബിനോജ് ഏറ്റെടുക്കുകയായിരുന്നു. ഭാര്യ റിഥിക ഗജ് വാണിയുടെ സുഹൃത്തുവഴിയാണ് പൂച്ചകളെയും കിട്ടിയത്. ഒന്നരമാസത്തോളം വിവിധ നടപടികൾ പൂർത്തിയാക്കിയാണ് ഇവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. ജോലി ആവശ്യാര്‍ഥം ബംഗളൂരുവിലേക്ക് താമസം മാറ്റുമ്പോള്‍ ഇവരെയും കൂടെ കൊണ്ടുപോകുമെന്നും ബിനോജ് പറഞ്ഞു. മൂക്കുതല വടക്കുമുറി വാഴള്ളി വളപ്പില്‍ ജനാര്‍ദനന്‍-– ബിന്ദു ദമ്പതികളുടെ മകനാണ് ബിനോജ്.











0 comments