ad
Deshabhimani

ഗണിതത്തെ കുപ്പിയിലാക്കിയ ഗൗരിക്കുട്ടി

ഭവികാലക്ഷ്മി
വെബ് ഡെസ്ക്

Published on Jul 17, 2026, 01:18 AM | 1 min read

കൊല്ലം

പലരും കുപ്പികളിൽ ചിത്രങ്ങൾ വരച്ചും ചായങ്ങൾ പൂശിയും ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, പതാരം എൻഎസ്എൻഎസ്‌പിഎം യുപി എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ഭവികാലക്ഷ്മി (ഗൗരികുട്ടി) ഗണിതത്തെത്തന്നെ കുപ്പിയിലാക്കിയിരിക്കുകയാണ്‌. കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഗണിത തത്വങ്ങളാണ്‌ കുപ്പിയിൽ ആലേഖനം ചെയ്യുന്നത്‌. കഴിഞ്ഞ അവധിക്കാലത്താണ്‌ തന്റെ സർഗാത്മകതക്ക്‌ പുതിയവഴി ഭവിക കണ്ടെത്തിയത്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ക്രിയകളും ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും സൂത്രവാക്യങ്ങളും വളരെ മനോഹരമായി കുപ്പികളിൽ എഴുതിയാണ്‌ തുടക്കം. അളവ് തൂക്കങ്ങളെ സംബന്ധിച്ചുള്ള അറിവുകളും കുറിച്ചു. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഗണിത തത്വങ്ങൾ അലേഖനം ചെയ്യുന്ന തിരക്കിലാണിപ്പോൾ ഇ‍ൗ കൊച്ചുമിടുക്കി. റീൽസ് താരം കൂടിയായ ഭവിക ഗണിതത്തിലെ തത്വങ്ങളെക്കുറിച്ചും ഇംഗ്ലീഷ് ഗ്രാമറും വീഡിയോകളായി അവതരിപ്പിച്ച് സോഷ്യൽ മീഡിയ പേജുകളിൽ തിളങ്ങുന്നു. ഗൗരിത്തം എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയയായ ഭവിക രണ്ടാമത്തെ പുസ്തകവും പ്രകാശനംചെയ്യാനുള്ള തിരക്കിലാണ്. പ്രസംഗത്തിലും നൃത്തത്തിലും കഥാപ്രസംഗത്തിലും ഇതിനകം മികവുകാട്ടി. ദാവീദ് എന്ന സിനിമയിലും വേഷമിട്ടു. ഡോ. എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, കൊല്ലം ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ മികച്ച ബാലപ്രതിഭാ പുരസ്കാരം, ജെസിഐ ഇന്ത്യയുടെ മികച്ച ബാലപ്രതിഭ പുരസ്കാരം, പൂവച്ചൽ ഖാദർ ബാലസാഹിത്യ രത്ന പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. ശാസ്‌താംകോട്ട പ‍ൗർണമിയിൽ എൽ സുഗതൻ (താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), വി എസ്‌ അനൂപ (വില്ലേജ്‌ ഓഫീസർ) എന്നിവരുടെ മകളാണ്‌. സഹോദരൻ ഭവിൻ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home