പഠിക്കാനുണ്ട്, സായംപ്രഭയുടെ നല്ല പാഠം

വേങ്ങര സായംപ്രഭാ ഹോം
കെ കെ രാമകൃഷ്ണൻ
Published on Jul 17, 2026, 12:37 AM | 1 min read
വേങ്ങര
പ്ലസ് വൺ പാഠപുസ്‌തകത്തിലും ഇടംപിടിച്ച് വേങ്ങര സായംപ്രഭാ ഹോം. ഈവർഷം പുതുക്കിയ സോഷ്യൽ വർക്ക് പാഠപുസ്തകത്തിലാണ് വേങ്ങര സായംപ്രഭാ ഹോമിന്റെ നല്ല പാഠം പഠിക്കാനുള്ളത്. ഏകാന്തതയെക്കുറിച്ച് പറയുന്ന ഭാഗത്താണ് മുതിർന്ന പൗരന്മാർക്കുള്ള കേന്ദ്രം ഇടംപിടിച്ചിരിക്കുന്നത്. 78 വയസ്സുള്ള കമല ടീച്ചർ നേരിടുന്ന ഏകാന്തതയും അത് പത്രവിതരണക്കാരൻകൂടിയായ മനു എന്ന വിദ്യാർഥി മനസ്സിലാക്കുന്നതും പിന്നീട് സായംപ്രഭാ ഹോമിലെത്തുന്നതും സന്തോഷവതിയാകുന്നതുമാണ് പാഠഭാഗത്തിലെ പ്രമേയം. ഇവിടെ നൽകിയിരിക്കുന്ന ചിത്രം വേങ്ങര സായംപ്രഭാ ഹോമിന്റേതാണ്. സായംപ്രഭാ ഹോമിന്റെ മുൻവശത്തെ ചിത്രമാണ് നൽകിയിരിക്കുന്നത്. 2018–19 വർഷത്തിൽ ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വയോജന നയത്തിന്റെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങൾ സായംപ്രഭാ ഹോം ആരംഭിക്കുന്നത്. 60 കഴിഞ്ഞ സ്ത്രീ പുരുഷന്മാർക്ക് പകൽസമയം ഒത്തുചേരാനും പഠന വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സായംപ്രഭാ ഹോമുകൾ സൗകര്യമൊരുക്കുന്നു. ഇതിലൂടെ വയോജനങ്ങളുടെ മാനസിക– ശാരീരികാരോഗ്യമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുതന്നെ മികച്ച സായംപ്രഭാ ഹോമിനുള്ള അവാർഡ് നേടിയ വേങ്ങര, സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലയിലെ മാതൃകാ സായംപ്രഭാ ഹോമായും തെരഞ്ഞെടുത്തിരുന്നു. നിലവിൽ 850ലധികം അംഗങ്ങളുണ്ട്. ഇവരിൽ നൂറുകണക്കിന് പേർ ദിവസവും സായംപ്രഭയിൽ എത്തുന്നു. സാമൂഹ്യ നീതിവകുപ്പും പഞ്ചായത്തും സംയുക്തമായാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പാഠപുസ്‌തകത്തിൽ ഇടംപിടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കെയർ ഗിവർ എ കെ ഇബ്രാഹിമും ഐസിഡിഎസ് സൂപ്പർവൈസർ വി സി സമിതകുമാരിയും പറഞ്ഞു.











0 comments