രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം
മരവിച്ച മനസാക്ഷി.... ലജ്ജിക്കൂ നാടേ

ബത്തേരി സൈക്കിൾ അപകടത്തിൽ പരിക്കേറ്റ് ആദിവാസി ബാലൻ രക്തംവാർന്ന് മരിച്ചത് മനസ്സാക്ഷിയെ നടുക്കുന്നത്. യഥാസമയം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാതിരുന്നതാണ് പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു– ചിക്കി ദന്പതികളുടെ മകനും കല്ലൂർ ജിഎച്ച്‌എസ്‌എസിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ മനുവിന്റെ മരണത്തിനിടയാക്കിയത്. രക്തം വാർന്നൊഴുകുന്ന മകനെ തോളിലിട്ട് ഒരച്ഛൻ ദേശീയപാതയിൽ വാഹനത്തിനായി കാത്തുനിന്നത് ഒന്നരമണിക്കൂർ. കൈനീട്ടിയ വാഹനങ്ങളൊന്നും നിർത്തിയില്ല. സ്ഥലത്തെത്തിയ ഹൈവേ പൊലീസിന് ആദിവാസി ബാലന്റെ ജീവന് വിലയുണ്ടായില്ല. രക്തം വാർന്നൊഴുകുന്ന കുട്ടിയെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാനുള്ള മനസ്സ് പൊലീസിനുണ്ടായില്ല. മറ്റൊരു വാഹനം നിർത്തിക്കാനും തയ്യാറാകാതെ ആംബുലൻസിന് കാത്തുനിന്നു കാക്കിയിട്ട കരിങ്കൽ മനസ്സുള്ളവർ. വിലപ്പെട്ട ഒരുമണിക്കൂറിൽ പൊലിഞ്ഞു ആ കുഞ്ഞുജീവിതം. ചൊവ്വ വൈകിട്ട് 5.30ന് മുത്തങ്ങ പൊൻകുഴിയിൽ ദേശീയപാതയോരത്തുണ്ടായ അപകടത്തിലാണ് മനുവിന് പരിക്കേറ്റത്. സൈക്കിൾ ഓടിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാലാണ് ചികിത്സ കിട്ടാതിരുന്നത്. ഏഴുമണിയോടെ ആശുപത്രിയിലെത്തിച്ച് അൽപ്പം കഴിയുന്പോഴേക്കും മരിച്ചു. ഇടതുതുടയിലെ ഞരന്പ് മുറിഞ്ഞുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. അപകടം നടന്ന് ഒരുമണിക്കൂറിനുശേഷമാണ് ആംബുലൻസ് എത്തിയത്. ആദിവാസി ബാലനുനേരെയുള്ള മനുഷ്യത്വ വിരുദ്ധതയും മനസാക്ഷിയെ നടക്കുന്ന സംഭവങ്ങളും ചാനലുകൾക്കൊന്നും വാർത്തയായി തോന്നിയില്ല.











0 comments