ad
Deshabhimani

ഷാജി കോടങ്കണ്ടത്തിന്റെ കത്ത്‌

കോൺഗ്രസിൽ നേർക്കുനേർ പോർവിളി

വെബ് ഡെസ്ക്

Published on Jul 17, 2026, 12:04 AM | 1 min read

സ്വന്തം ലേഖകൻ

തൃശൂർ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ക‍ൂടെനിന്ന്‌ ചതിച്ചതായി കെപിസിസി സെക്രട്ടറിയും ഒല്ലൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയുമായിരുന്ന ഷാജി കോടങ്കണ്ടത്തിന്റെ കത്തിനെ തുടർന്ന്‌ കോൺഗ്രസിൽ തർക്കം രൂക്ഷം. ഫേസ്‌ബുക്കിൽ നേർക്കുനേർ പോർവിളി തുടരുകയാണ്‌. തെരഞ്ഞെടുപ്പ്‌ തോൽവിക്കുശേഷം ഷാജി കോടങ്കണ്ടത്ത്‌ ഒല്ലൂരിൽ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും സദ്യ ഒരുക്കി. പിന്നീട്‌ സ്വന്തംനിലയിൽ മെറിറ്റ്‌ ഡേ സംഘടിപ്പിച്ചതുമാണ്‌ തർക്കം രൂക്ഷമാക്കിയത്‌. ഇതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകി. ഷാജിക്കെതിരെ സാന്പത്തിക ആരോപണങ്ങളും ഉന്നയിച്ചു. ഇതിന്‌ മറുപടിയുമായി ഷാജി രംഗത്തുവന്നു. പരാതിയിൽ ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിനെയും രൂക്ഷമായി വിമർശിച്ചു. ഇരു വിഭാഗത്തിന്റെയും പരാതികൾ മാധ്യമങ്ങളിൽ വന്നതോടെ ഫേസ്‌ബുക്കിൽ വെല്ലുവിളികൾ തുടർന്നു. തനിക്കെതിരെ പരാതി നൽകിയവർ താൻ നടത്തിയ സദ്യയിൽ പങ്കെടുത്തത്തിന്റെ ദൃശ്യങ്ങൾ ഷാജി കോടങ്കണ്ടത്ത്‌ പുറത്തുവിട്ടു. പരാതി നൽകിയവരെ ഡിസിസിയിൽ കയറി തല്ലുമെന്ന്‌ ഷാജിയുടെ അനുയായിയും വെല്ലുവിളിച്ചു. ഇതിന്‌ മറുപടിയുമായി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ സുന്ദരൻ കുന്നത്തുള്ളി രംഗത്തെത്തി. ‘ഷാജിക്കെതിരായ പരാതിയിൽ താനും ഒപ്പിട്ടിട്ടുണ്ട്‌. ചില കാര്യങ്ങൾ പലതവണ പറഞ്ഞിട്ടും മാനിക്കാത്ത സാഹചര്യത്തിൽ രാഷ്‌ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളും. അതിന്‌ തല്ലണമെങ്കിൽ സുഹൃത്തിന്റെ വീട്ടിലേക്ക്‌ വരാം. ഡിസിസി വരെ പോയി വണ്ടിക്കുലി കളയേണ്ട’ എന്നായിരുന്നു സുന്ദരന്റെ വെല്ലുവിളി. ടോൾ പ്ലാസാ കേസിൽ ഷാജി സാന്പത്തിക ലാഭം ഉണ്ടാക്കിയെന്നും പീച്ചിയിലും താണിക്കുടത്തും കോടികൾ വിലമതിക്കുന്ന സ്ഥലം വാങ്ങിയെന്നുമായിരുന്നു ആരോപണം. പീച്ചിയിൽ 30 ഏക്കര്‍ സ്ഥലം വാങ്ങിയെന്നത്‌ കളവാണെന്നും വായ്‌പയെടുത്താണ്‌ നാലേക്കര്‍ സ്ഥലം വാങ്ങിയതെന്നുമാണ്‌ ഷാജിയുടെ മറുപടി. താൻ പ്രസിഡന്റായ ഹെൽപ്പിങ് ഹാൻഡ്‌സ്‌ എന്ന സംഘടന എല്ലാ വർഷവും മെറിറ്റ്‌ ഡേ സംഘടിപ്പിക്കാറുണ്ട്‌. തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ ശേഷവും മണ്ഡലത്തിൽ സജീവമാകണമെന്ന്‌ കെ സി വേണുഗോപാൽ ഉൾപ്പെടെ നേതാക്കൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ആയിരംപേർക്ക്‌ പുഴയോരം ഗാർഡനിൽ വിരുന്നൊരുക്കിയതെന്നും ഷാജി പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home