അമേരിക്കയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി; താമസ കാലാവധി നാല് വർഷമായി പരിമിതപ്പെടുത്താൻ നീക്കം

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ കുടിയേറ്റ നിയമം നടപ്പിലാക്കാൻ ഒരുങ്ങി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി.
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന "ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്" സംവിധാനം റദ്ദാക്കി, വിദ്യാർത്ഥികളുടെ താമസ കാലാവധി നാല് വർഷമായി പരിമിതപ്പെടുത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. 3.3 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ഈ നിയമം നേരിട്ട് ബാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ നിയമപ്രകാരം, എഫ്-1 (F-1) വിസയിലുള്ള വിദ്യാർത്ഥികൾക്ക് ഇനി മുതൽ പരമാവധി നാല് വർഷം മാത്രമേ അമേരിക്കയിൽ തങ്ങാൻ അനുവാദമുണ്ടാകൂ. തങ്ങളുടെ പഠനം പൂർത്തിയാക്കാൻ ഇതിൽ കൂടുതൽ സമയം ആവശ്യമുള്ളവർ, അനുവദിക്കപ്പെട്ട കാലാവധി തീരുന്നതിന് മുൻപായി ഡി എച് എസിൽ അപേക്ഷ നൽകി താമസാനുമതി നീട്ടണം.
ജെ-1 (J-1) എക്സ്ചേഞ്ച് വിസിറ്റർമാർക്കും, ഐ (I) വിസയിലുള്ള മാധ്യമപ്രവർത്തകർക്കും ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ദേശീയ സുരക്ഷ ഉറപ്പാക്കാനും വിസ സംവിധാനത്തിലെ മേൽനോട്ടം കർശനമാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നു.
അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 30 ശതമാനവും ഇന്ത്യക്കാരായതിനാൽ, ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. ഡോക്ടറൽ ബിരുദങ്ങൾ, ഗവേഷണങ്ങൾ, മെഡിക്കൽ പരിശീലനം, എഞ്ചിനീയറിംഗ് തുടങ്ങിയ നാല് വർഷത്തിലധികം നീളുന്ന കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് ഈ നിയന്ത്രണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
കാലാവധി നീട്ടാൻ അപേക്ഷിക്കുന്നതിൽ ഉണ്ടാകുന്ന അഡ്മിനിസ്ട്രേറ്റീവ് കാലതാമസമോ പിശകുകളോ വിദ്യാർത്ഥികളെ അനധികൃതമായി അമേരിക്കയിൽ തങ്ങുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാമെന്നും വിദ്യാഭ്യാസ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ, ഈ നിയമം അവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അംഗീകാരത്തിന് ശേഷമേ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. അതുവരെ നിലവിലുള്ള "ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്" സംവിധാനം തുടരുമെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ ഈ തീരുമാനം വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.










0 comments