ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങി
കെഎസ്ഇബി ഓഫീസിൽ കയറി അതിക്രമം; അഞ്ച് പേർ അറസ്റ്റിൽ

മാള: കെഎസ്ഇബി ഓഫീസിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുൺ (26), കമലേഷ് (45), ഗിരീഷ് (37) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ അന്നമനട കെഎസ് ഇബി സെക്ഷൻ ഓഫീസിലാണ് ഇവർ ആക്രമണം നടത്തിയത്. അതിക്രമിച്ചുകയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തെന്നാണ് കേസ്.
ബുധനാഴ്‌ച രാത്രി 11.55ഓടെയാണ് സംഭവങ്ങളുടെ തുടക്കം. അർജന്റീന – ഇംഗ്ലണ്ട് ഫുട്ബോൾ മത്സരം കാണാൻ തയ്യാറെടുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ പ്രതികൾ അന്നമനട കെഎസ് ഇബി സെക്ഷൻ ഓഫീസിലേക്ക് അതിക്രമിച്ചുകയറി വടികൊണ്ട് ക്യാബിൻ അടിച്ചുതകർത്തു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ വീണ്ടും ഓഫീസിലെത്തിയ പ്രതികൾ ഡ്യൂട്ടിയിലായിരുന്ന ഓപ്പറേറ്റർ കുഴൂർ പാറപ്പുറം സ്വദേശി നിഥിനെ (37) കാര്യമന്വേഷിക്കുന്നതിനിടെ വടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഓഫീസിലെ ക്യാബിൻ തകർത്തതിലൂടെ ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു. മാള എസ് ഐ ഫൈസൽ കോറോത്ത്, സീനിയർ സിപിഒമാരായ കെ എഫ് വിനോദ്, കെ ആർ ഷാരോൺ എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.











0 comments