പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ അപകടം; 200ലധികം പേർക്ക് പരിക്ക്, ഒരു മരണം

Photo: X, PTI
പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 200 ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്. തിരക്കിൽ ഒരാൾ ശ്വാസംമുട്ടി മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട് ഉണ്ട്. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്ക് ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത ജനത്തിരക്ക് മൂലം ശ്വാസതടസം അനുഭവപ്പെട്ടവരെ എമർജൻസി ടീമുകൾ രക്ഷപ്പെടുത്തുകയും ചികിത്സയ്ക്കായി പുരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ശ്വാസം മുട്ടി അബോധാവസ്ഥയിലായ ഒരാളെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായാണ് വിവരം. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സ്‌പെഷ്യൽ റെസ്‌ക്യൂ യൂണിറ്റ് ഉടൻ തന്നെ സ്ഥലത്തെത്തി തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഭക്തരെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് ഗ്രാൻഡ് റോഡിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതർ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തര സേവനങ്ങൾക്കുമായി കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.










0 comments