ഗാലെയിൽ മലയാളിത്തിളക്കം; കന്നി അണ്ടർ 19 യൂത്ത് ടെസ്റ്റിൽ സെഞ്ചുറിയുമായി മാനവ് കൃഷ്ണ

മാനവ് കൃഷ്ണ | Photo Credit:KCA
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ അണ്ടർ-19 യൂത്ത് ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളിയായ മാനവ് കൃഷ്ണ. ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ്, എതിരാളികളുടെ ബോളിങ് നിരയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചാണ് സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിൽ ക്രീസിലെത്തിയ മാനവ് കൃഷ്ണ, 153 പന്തുകൾ നേരിട്ട് 100 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രദ്ധേയമായി ബാറ്റ് വീശിയ മാനവ്, ടീമിനെ 576 എന്ന മികച്ച സ്കോറിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കന്നി അണ്ടർ-19 യൂത്ത് ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ചുറി നേടാൻ സാധിച്ചത് ഈ യുവതാരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായി മാറും.
മത്സരത്തിന്റെ തുടക്കത്തിൽ ശ്രീലങ്ക മികച്ച ബാറ്റിങ് കാഴ്ചവെച്ച് 424 റൺസെന്ന വലിയ സ്കോർ ബോർഡിൽ എത്തിച്ചെങ്കിലും, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാനവിന്റെയും മറ്റ് മുൻനിര ബാറ്റർമാരുടെയും മികവിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മാനവിന്റെ ബാറ്റിങ് മികവ് ടീമിലെ മറ്റ് താരങ്ങൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയത്.
കരിയറിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഈ സുവർണ്ണാവസരം കൃത്യമായി വിനിയോഗിക്കാൻ സാധിച്ചത് മാനവ് കൃഷ്ണയെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളുടെ പട്ടികയിൽ മുൻനിരയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള ഈ യുവതാരത്തിന്റെ നേട്ടം വലിയ ആവേശത്തോടെയാണ് കായികപ്രേമികൾ നോക്കിക്കാണുന്നത്.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് 178 റൺസിന് 6 വിക്കറ്റ് എന്നനിലയിൽ വെറും 22 റൺസ് മാത്രം ലീഡുള്ള ശ്രീലങ്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്‌തെങ്കിലും രണ്ട് ഓവർ മാത്രം അവസാന ദിനമായ ഇന്ന് ശേഷിക്കുന്നതിനാൽ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങാതെ മത്സരം സമനിലയായി പ്രഖ്യാപിച്ചു.











0 comments