പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; ഹൗറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

പ്രതി ഡുംജൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു| Photo Credit:NDTV
ഹൗറ: കൊൽക്കത്തയ്ക്ക് സമീപം ഹൗറയിലെ അൻഡൂളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 വയസുകാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. മഹിയാരി ഖാതിർ ബസാർ പ്രദേശത്ത് ബുധനാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ, മുർഷിദാബാദ് സ്വദേശിയും ഡുംജൂരിലെ ഫാക്ടറി ജീവനക്കാരനുമായ സമീർ ദാസ് (24) വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തിലും കൈയിലും വയറ്റിലും മാരകമായി കുത്തേറ്റ പെൺകുട്ടി രക്തം വാർന്ന് റോഡിൽ വീണു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനാൽ ഹൗറ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അമിത രക്തസ്രാവത്തെത്തുടർന്ന് കുട്ടി മരണപ്പെട്ടത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ നാട്ടുകാർ പ്രതിയെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടി നിരന്തരം വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് അൻഡൂൾ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ക്രമസമാധാനനില നിലനിർത്താൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ തുടരുകയാണ്.









0 comments