ad
Deshabhimani

യൂട്യൂബിലെ ചൂതാട്ട പരസ്യം: ഗൂഗിളിന്റെ അപ്പീൽ തള്ളി; 7.5 ലക്ഷം യൂറോ പിഴ നിലനിൽക്കും

google fine
വെബ് ഡെസ്ക്

Published on Jul 16, 2026, 04:40 PM | 2 min read

യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ ചൂതാട്ട പരസ്യങ്ങൾ കാണിച്ചതിന് ചുമത്തിയ 7,50,000 യൂറോ പിഴയ്‌ക്കെതിരെയുള്ള നിയമപോരാട്ടത്തിൽ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളിന് തിരിച്ചടി. യൂറോപ്പിലെ പരമോന്നത കോടതിയായ 'കോർട്ട് ഓഫ് ജസ്റ്റിസ് ഓഫ് ദി യൂറോപ്യൻ യൂണിയൻ' പിഴ നിലനിൽക്കുമെന്ന് വിധിച്ചു. നാല് വർഷം മുമ്പ് ഇറ്റലിയിലെ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി നിശ്ചയിച്ച പിഴ ഗൂഗിൾ അടയ്ക്കണം.


കേവലം പിഴയ്ക്ക് പുറമെ ഓൺലൈൻ രംഗത്ത് ദൂരവ്യാപക സ്വാധീനം ചെലുത്താവുന്ന വിധിയാണ്. പോസ്റ്റുകളുടെ മോണിട്ടൈസേഷൻ വരെ ഇതിന് കീഴിൽ വരും. ക്രിയേറ്റർമാരുമായി കരാറുകളിൽ ഏർപ്പെടുമ്പോഴും അവർക്ക് പണം നൽകുമ്പോഴും ഉള്ളടക്കം കൂടുതൽ കർശനമായി പരിശോധിക്കാൻ ഗൂഗിൾ നിർബന്ധിതരാകും. ഇത് ബിസിനസ്സ് രീതികളെ കൂടുതൽ സങ്കീർണ്ണമാക്കും.


2022-ൽ ഇറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് കോടതി ചുമത്തിയ ഈ പിഴയെ ഗൂഗിൾ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇറ്റാലിയൻ കോടതി ലക്സംബർഗ് ആസ്ഥാനമായുള്ള പരമോന്നത് കോടതിയോട് വിഷയത്തിൽ വ്യക്തത തേടിയത്.


യൂറോപ്യൻ യൂണിയന്റെ ടെലികോം നിയമങ്ങൾ അനുസരിച്ച്, മൂന്നാം കക്ഷികൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് തങ്ങൾക്ക് പരിരക്ഷയുണ്ടെന്നാണ് ഗൂഗിൾ വാദിച്ചത്. ഗൂഗിളുമായി വാണിജ്യ പങ്കാളിത്തമുള്ള ഒരു ഉള്ളടക്ക നിർമ്മാതാവാണ് ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ യൂട്യൂബ് വീഡിയോകൾ അപ്‌ലോഡ് ചെയ്തത്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ മറ്റുള്ളവർ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വൻകിട ടെക് കമ്പനികൾ പലപ്പോഴും ഈ നിയമപരമായ പരിരക്ഷയാണ് ഉദ്ധരിക്കാറുള്ളത്. ഈ പരിരക്ഷയാണ് ഇല്ലാതാവുന്നത്.


"തങ്ങളുമായി വാണിജ്യ പങ്കാളിത്തമുള്ള ഒരു ഉള്ളടക്ക നിർമ്മാതാവിന്റെ യൂട്യൂബ് വീഡിയോകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഗൂഗിളിന് ഒഴിഞ്ഞുമാറാനാകില്ല," എന്ന് കോടതി വ്യക്തമാക്കി. ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം കേവലം സാങ്കേതികവും സ്വയമേവയുള്ളതുമായ ഒരു ഇടനിലക്കാരനായി മാത്രം പ്രവർത്തിക്കുകയും, കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളിൽ യാതൊരുവിധ നിയന്ത്രണമോ അറിവോ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഇത്തരം നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടാകൂ എന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി.


"ഒരു കമ്പനി തങ്ങളുടെ വാണിജ്യ പങ്കാളിത്ത കരാറിലേർപ്പെടുന്നതിനായി, ഒരു വീഡിയോ ചാനലിന്റെ പ്രധാന വിഷയം, അതിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ അല്ലെങ്കിൽ പുതിയ വീഡിയോകൾ, അതിനോടൊപ്പമുള്ള മെറ്റാഡാറ്റ എന്നിവയൊക്കെ പരിശോധിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഈ പരിരക്ഷയ്ക്ക് അർഹതയുണ്ടായിരിക്കില്ല,"


ഇതുവരെ യൂട്യൂബിൽ ആരെങ്കിലും എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം പോസ്റ്റ് ചെയ്താൽ, "അത് ഞങ്ങളല്ല, മൂന്നാം കക്ഷികൾ ചെയ്തതാണ്, ഞങ്ങൾ വെറുമൊരു പ്ലാറ്റ്‌ഫോം മാത്രമാണ്" എന്ന് പറഞ്ഞ് ഗൂഗിളിന് ഒഴിഞ്ഞുമാറാമായിരുന്നു. എന്നാൽ ഈ വിധിയോടെ, വാണിജ്യ പങ്കാളിത്തമുള്ള (Commercial Partnership/Monetized) ക്രിയേറ്റർമാരുടെ വീഡിയോകളുടെ ഉത്തരവാദിത്തം ഗൂഗിളിന് കൂടിയുണ്ടെന്ന് കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളും ഈ വിധി പിന്തുടര്‍ന്ന് ഗൂഗിളിനും മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാം.


ഇന്ത്യയിലും സമാനമായ നിയമം ഉണ്ടെങ്കിലും വ്യത്യസ്തമാണ്. ഇന്ത്യൻ ഐടി ആക്റ്റിലെ സെക്ഷൻ 79 (Section 79) അനുസരിച്ച്, യുട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് 'സേഫ് ഹാർബർ' പരിരക്ഷയുണ്ട്. അതായത്, ഒരു ക്രിയേറ്റർ നിയമവിരുദ്ധമായ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം യുട്യൂബിനല്ല.കോടതിയോ സർക്കാരോ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ആ വീഡിയോ 36 മണിക്കൂറിനകം നീക്കം ചെയ്യണം. അങ്ങനെ നീക്കം ചെയ്താൽ ഗൂഗിളിന് നിയമപരമായ പിഴയോ ശിക്ഷയോ ലഭിക്കില്ല.


യൂറോപ്യൻ കോടതി വിധിയിലെ വ്യത്യാസം


യൂറോപ്യൻ കോടതി ഇപ്പോൾ കൊണ്ടുവന്ന മാറ്റം വളരെ വ്യത്യസ്തമാണ്. ക്രിയേറ്റർക്ക് പണം ലഭിക്കുന്ന 'മോണിറ്റൈസേഷൻ' അല്ലെങ്കിൽ വാണിജ്യ പങ്കാളിത്തം ഉണ്ടെങ്കിൽ, ഗൂഗിൾ കേവലം ഒരു 'ഇട നിലക്കാരൻ' (അല്ല എന്നാണ് കോടതി പറയുന്നത്. ഒരു ചാനലുമായി കരാറുണ്ടാക്കുന്നതിന് മുൻപ് ഗൂഗിൾ അതിന്റെ ഉള്ളടക്കവും വീഡിയോകളും പരിശോധിക്കുന്നുണ്ട്. അതിനാൽ ആ ചാനൽ വഴി വരുന്ന നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഗൂഗിളിന് നേരിട്ട് ബാധ്യതയുണ്ട് എന്നാണ് ഈ വിധി വ്യക്തമാക്കുന്നത്.


ഇന്ത്യയിലും കോടതികൾ ഇപ്പോൾ ഈ വഴിക്ക് വിധികൾ നൽകുന്നുണ്ട്. പരസ്യ വരുമാനത്തിന് വേണ്ടിയോ കീവേഡുകൾ ലേലം വിളിച്ചോ കമ്പനികൾ ലാഭമുണ്ടാക്കുമ്പോൾ അവർക്ക് 'സേഫ് ഹാർബർ' പരിരക്ഷ നൽകാൻ കഴിയില്ലെന്ന് ഈയിടെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരീക്ഷിച്ചിട്ടുണ്ട്.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home