അനുയോജ്യമായ വിവാഹാലോചനകൾ നൽകിയില്ല: മാരേജ് ബ്യൂറോയ്ക്ക് പിഴ ചുമത്തി

കണ്ണൂർ: രജിസ്റ്റർ ചെയ്ത് ഒമ്പത് വർഷമായിട്ടും അനുയോജ്യമായ വിവാഹാലോചനകൾ നൽകുന്നതിൽ പരാജയപ്പെട്ട മാരേജ് ബ്യൂറോയ്ക്ക് പിഴ ചുമത്തി. കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റേതാണ് ഉത്തരവ്. സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി കണ്ണൂരിലെ ഒരു നഴ്സിംഗ് കോളേജിൽ പ്രൊഫസറായ അജിത്ത് കെ കെ സമർപ്പിച്ച പരാതിയിലാണ് കമീഷൻ നടപടി സ്വീകരിച്ചത്.
2016ൽ ശ്രീചക്ര വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്ത അജിത്ത്, നിശ്ചിത ഫീസും അടച്ചിരുന്നു. എന്നാൽ, ഒമ്പത് വർഷമായിട്ടും വാഗ്ദാനം ചെയ്തതുപോലെയുള്ള വിവാഹാലോചനകൾ ലഭ്യമാക്കാൻ ബ്യൂറോയ്ക്ക് സാധിച്ചില്ല. ഓരോ വർഷവും സമാനമായ ഉറപ്പുകൾ ആവർത്തിക്കുക മാത്രമാണ് ബ്യൂറോ അധികൃതർ ചെയ്തതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സേവനത്തിൽ പിഴവ് ഉണ്ടായതായി കമീഷൻ നിരീക്ഷിച്ചു. കേസിൽ കമീഷനു മുന്നിൽ ഹാജരാവാനോ മറുപടി നൽകാനോ വിവാഹ ബ്യൂറോ തയ്യാറായില്ല.
പരാതിക്കാരന് നഷ്ടപരിഹാരമായി ആകെ 8,000 രൂപ നൽകാൻ കമീഷൻ നിർദ്ദേശിച്ചു. ഇതിൽ 3,000 രൂപ രജിസ്ട്രേഷൻ ഫീസായും, 3,000 രൂപ മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായും, 2,000 രൂപ കേസ് നടത്തിപ്പിനുള്ള ചെലവായുമാണ് നൽകേണ്ടത്. ഉത്തരവിട്ട തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ തുക പരാതിക്കാരന് കൈമാറണം. അല്ലാത്തപക്ഷം, ഉത്തരവ് ലഭിച്ച തീയതി മുതൽ 9 ശതമാനം വാർഷിക പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും കമീഷൻ വ്യക്തമാക്കി.











0 comments