‘ഈ മനുഷ്യൻ മരിച്ചുപോയാലേ നിങ്ങൾ ഉണരൂ എന്നാണോ?’; വാങ്ചുക്കിന് പിന്തുണയുമായി സൊനാക്ഷി സിൻഹ

ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി നടി സൊനാക്ഷി സിൻഹ. വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുമ്പോഴും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെ രൂക്ഷമായി ചോദ്യംചെയ്ത സൊനാക്ഷി, അദ്ദേഹം മരിച്ചുപോയാലേ അധികൃതർ ഉണരൂ എന്നാണോ എന്നും വീഡിയോ സന്ദേശത്തിൽ ചോദിച്ചു.
“സാധാരണയായി ഞാൻ ഇങ്ങനെയുള്ള പ്രസ്താവനകൾ നടത്താറില്ല. പക്ഷേ ഇന്ന് അദ്ദേഹത്തെ അവഗണിക്കാൻ നമുക്കാവില്ല. സോനം വാങ്ചുക്ക് ആരാണെന്ന് നമുക്കെല്ലാവർക്കും അറിയാം. രാജ്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളും നേട്ടങ്ങളും ലഭിച്ച പുരസ്കാരങ്ങളുമെല്ലാം നമുക്കറിയാം,” സൊനാക്ഷി പറഞ്ഞു.
വാങ്ചുക്ക് എന്തിനുവേണ്ടിയാണ് ഭക്ഷണം ഉപേക്ഷിച്ച് സമരം ചെയ്യുന്നതെന്നും സോനാക്ഷി ചോദിച്ചു. “അദ്ദേഹം വിശന്നിരിക്കുകയാണ്. കഴിഞ്ഞ 18 ദിവസമായി ഒന്നും കഴിച്ചിട്ടില്ല. ആർക്കുവേണ്ടിയാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്? ഈ രാജ്യത്തെ കുട്ടികളുടെ ഭാവിക്കുവേണ്ടിയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും ജീവൻപോലും നഷ്ടമായ വിദ്യാർഥികൾക്കുവേണ്ടിയാണ് അദ്ദേഹം പോരാടുന്നത്.
നേരായ വഴിയിൽ പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിനെതിരെയാണ് ഈ സമരം. അദ്ദേഹത്തിന് നമ്മളിൽ ആരെയും അറിയില്ല. എന്നിട്ടും നമ്മുടെ കുട്ടികൾക്കും അവരുടെ നല്ല ഭാവിക്കുംവേണ്ടി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണ്,” സോനാക്ഷി പറഞ്ഞു.
സമരരംഗത്തുള്ള യുവാക്കളെ അഭിനന്ദിച്ച സോനാക്ഷി, അവരുടെ ശബ്ദം ആരും കേൾക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
“ഈ രാജ്യത്തെ യുവാക്കളെ ഞാൻ അഭിനന്ദിക്കുന്നു. അവർ ശബ്ദമുയർത്തി. സത്യത്തിനും നല്ലൊരു കാര്യത്തിനും വേണ്ടിയാണ് അവർ പോരാടുന്നത്. എന്നാൽ എന്തുകൊണ്ടാണ് ആരും അവരെ കേൾക്കാത്തത്?. ആരും ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. ആരും സംസാരിക്കുന്നില്ല. ആരും അവരെ നോക്കുകപോലും ചെയ്യുന്നില്ല,” സോനാക്ഷി പറഞ്ഞു. രാജ്യത്തെ വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ചോദ്യംചെയ്യപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.
“ഞാനും ഈ രാജ്യത്തിന്റെ ഭാഗമാണ്. ഈ രാജ്യത്തിന്റെ നന്മയാണ് ഞാനും ആഗ്രഹിക്കുന്നത്. ഞാൻ രാജ്യവിരുദ്ധയല്ല. പിന്നെ എന്തിനാണ് ഞാൻ മിണ്ടാതിരിക്കുന്നത്?” സോനാക്ഷി ചോദിച്ചു.
നിരാഹാരം അവസാനിപ്പിക്കണമെന്ന് തന്നോട് ആവശ്യപ്പെടരുതെന്നും സർക്കാർ എന്തുകൊണ്ട് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ചോദിക്കണമെന്നുമുള്ള വാങ്ചുക്കിന്റെ നിലപാടും അവർ ഓർമിപ്പിച്ചു. വാങ്ചുക്കിനെ രാജ്യത്തിന്റെ അമൂല്യസമ്പത്തെന്ന് വിശേഷിപ്പിച്ച സോനാക്ഷി, കേന്ദ്ര സർക്കാരിന്‍റെ മൗനത്തിനെതിരെ ചോദ്യമുയർത്തിത്.
“എപ്പോഴാണ് ഇത് മതിയാകുന്നത്? ഈ മനുഷ്യൻ മരിച്ചുപോയാലേ നിങ്ങൾ ഉണരൂ എന്നാണോ? അങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ആരുടേതായിരിക്കും?” അവർ ചോദിച്ചു. കണ്ണുതുറക്കാനും ശബ്ദമുയർത്താനും മൗനം അവസാനിപ്പിക്കാനും ജനങ്ങളോട് അഭ്യർഥിച്ചാണ് സോനാക്ഷി വീഡിയോ അവസാനിപ്പിച്ചത്.
വാങ്ചുക്കിന്റെ നിരാഹാര സമരം ജൂലൈ 16ന് 19ാം ദിവസത്തിലെത്തിയതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില പതിവായി പരിശോധിക്കാനും ആവശ്യമായ ഘട്ടത്തിൽ വൈദ്യസഹായം നൽകാനും ഡൽഹി ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകി. നിരാഹാരം തുടരുന്നത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











0 comments