print edition ഏകപക്ഷീയം; അഫ്ഗാനെ പൊടിച്ച് ഇന്ത്യ

മുല്ലൻപുർ: തീർത്തും ഏകപക്ഷീയ ജയം. പൊരുതാൻ പോലുമാകാതെ ദുർബലരായ അഫ്‌ഗാനിസ്ഥാൻ കീഴടങ്ങി. ഇന്ത്യയുടെ ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ സമ്മാനിച്ചത്. രണ്ട് ദിവസം ശേഷിക്കെ ഇന്നിങ്സിനും 300 റണ്ണിനുമാണ് ജയം. ഏകടെസ്‌റ്റായതിനാൽ ട്രോഫിയും സ്വന്തമാക്കി. സ്‌കോർ: ഇന്ത്യ 564/8 ഡിക്ല. അഫ്‌ഗാൻ 152, 112.
ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അഫ്‌ഗാൻ ബാറ്റിങ്നിരക്ക് പിടിച്ചുനിക്കാൻ കഴിഞ്ഞില്ല. രണ്ട് ഇന്നിങ്സിലുമായി സ്‌പിന്നർമാർ 15 വിക്കറ്റ് കൊയ്‌തു. അരങ്ങേറ്റത്തിൽ തിളങ്ങിയ യുവ സ്‌പിന്നർ മാനവ് സുതാർ ‘മാൻ ഓഫ് ദി മാച്ചായി’. ഒന്നാം ഇന്നിങ്സിൽ 22 ഓവറിൽ 33 റൺ വഴങ്ങി ആറ് വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ ഇടംകൈയൻ ബൗളർക്ക് ഒരു വിക്കറ്റാണുള്ളത്. 412 റൺ പിറകിലായി ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച അഫ്‌ഗാൻ ഫോളോഓൺ ചെയ്‌തെങ്കിലും ദയനീയ പ്രകടനം ആവർത്തിച്ചു. 35.5 ഓവറിൽ എല്ലാവരും കൂടാരം കയറി.
സെദിക്കുള്ള അതൽ (42), റഹ്‌മാനുള്ള ഗുർബസ്(24), റഹ്‌മത് ഷാ(13) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റുമായി അഫ്‌ഗാനെ തകർക്കുന്നതിൽ മിടുക്കുകാട്ടി. കുൽദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ട്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി.
മൂന്നാം ദിവസം 113/5 എന്ന സ്‌കോറിനാണ് അഫ്‌ഗാൻ തുടങ്ങിയത്. 39 റൺ കൂട്ടിച്ചേർത്തതോടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. റഹ്‌മത് ഷാ (60) മാത്രമാണ് ചെറുത്തുനിന്നത്. മാനവ് സുതാറിന് പിന്തുണയുമായി പേസർ പ്രസിദ്ധ്‌കൃഷ്‌ണ മൂന്ന് വിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദറിന് ഒരു വിക്കറ്റ് കിട്ടി.
2018ൽ വെസ്‌റ്റിൻഡീസിനെതിരെ നേടിയതാണ് ഇതിനുമുമ്പുള്ള വലിയ ജയം. രാജ്‌കോട്ടിൽ ഇന്നിങ്സിനും 272 റണ്ണിനുമാണ് ജയിച്ചത്. അതേവർഷം അഫ്‌ഗാനെതിരായ ആദ്യ ടെസ്‌റ്റിൽ ഇന്നിങ്സിനും 262 റണ്ണിനും ജയിച്ചിട്ടുണ്ട്.
ഇനി മൂന്ന് മത്സര ഏകദിന പരമ്പരയുണ്ട്. 13, 17, 20 തിയതികളിലാണ് കളികൾ.










0 comments