വിപണിയിലും ആവേശ കിക്ക്

ആലപ്പുഴ നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വിൽപ്പനയ‍്ക്ക് എത്തിച്ച ഫുട്ബോൾ ടീമുകളുടെ ജഴ്‌സികൾ

സ്വന്തം ലേഖകൻ
Published on Jun 09, 2026, 01:56 AM | 1 min read
ആലപ്പുഴ
ലോകകപ്പിന്റെ കിക്കോഫിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ വിപണിയിലും ആവേശം. പ്രിയപ്പെട്ട ടീമുകളുടെ കൊടികളും താരങ്ങളുടെ ജഴ്സികളും സ്വന്തമാക്കുന്ന തിരക്കിലാണ് ആരാധകര്‍. 2026ലെ ലോകകപ്പിന്റെ ഡിസൈൻ ജഴ്സിക്കാണ് ആവശ്യക്കാർ കൂടുതൽ. മെസി, നെയ്‍മര്‍, ക്രിസ്‌റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ജഴ്സികള്‍ക്കും ആവശ്യക്കാരേറെ.
150 രൂപ തൊട്ടാണ് ജഴ്സി വില. പ്രീമിയം ഇനങ്ങള്‍ക്ക് ആയിരത്തിന് മുകളിലും. പുതുതലമുറക്കാർക്ക് പ്രിയം "ഓവര്‍ സൈസ്ഡ്' ജഴ്സികളോടാണ്. ഇന്‍സ്‌റ്റഗ്രാം പേജുകള്‍ വഴി ഇവയുടെ വില്‍പ്പനയും തകൃതിയാണ്.
ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെയെല്ലാം കൊടികള്‍ ആലേഖനം ചെയ്‌ത 15 മീറ്റര്‍ വരെ നീളമുള്ള തോരണങ്ങളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 50 രൂപയുടെ തിബറ്റൻ ഫ്ലാഗ് രൂപത്തിലുള്ളതുമുതൽ 3000 രൂപയുടെവരെ തോരണങ്ങള്‍ വിൽപ്പനയ്‌ക്കുണ്ട്.
30 രൂപമുതല്‍ ചെറിയ കൊടികളും ലഭിക്കും. കൂറ്റൻകൊടികളും വിപണിയിലുണ്ട്. അര്‍ജന്റീന, ബ്രസീൽ, ഫ്രാൻസ് എന്നിവയുടെ കൊടികൾക്കാണ് പ്രിയമേറെ. പോര്‍ച്ചുഗൽ, ജര്‍മനി, സ്‍പെയ്‍ൻ എന്നീ രാജ്യങ്ങളുടെ കൊടികളും വിറ്റുപോകുന്നു. പ്രിയ താരങ്ങളുടെ മിനിയേച്ചര്‍ കട്ടൗട്ടുകള്‍, മുഖംമൂടി, കീ ചെയിനുകള്‍, മൊബൈൽഫോൺ കവറുകള്‍ തുടങ്ങിയവയും ലഭ്യമാണ്.









0 comments