ad
Deshabhimani

എച്ച്1 എന്‍1; കോവിഡും പടരുന്നു

H1 N1
വെബ് ഡെസ്ക്

Published on Jun 09, 2026, 02:42 AM | 2 min read

കൊച്ചി


ജില്ലയില്‍ വീണ്ടും പനിമരണം. അഞ്ചാമത്തെയാളാണ് ഈമാസം പകര്‍ച്ചവ്യാധിമൂലം മരിച്ചത്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആലുവ കിഴക്കേ കടുങ്ങല്ലൂർ കൊച്ചു മൂത്തേടത്ത് മുരളീധരൻ (70) മരിച്ചതോടെ ഇതേ രോഗം ബാധിച്ച്‌ ഈ മാസം മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം പറവൂർ സ്വദേശി സരസ്വതി (45) വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ചിരുന്നു.


മുരളീധരന്‍ അര്‍ബുദ, ശ്വാസകോശ രോഗബാധിതനാണ്. എറണാകുളം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് നൈല്‍ പനി ലക്ഷണവും മെനിഞ്ചൈറ്റിസും ഉണ്ടായത്. തിങ്കള്‍ പുലര്‍ച്ചെ മരിച്ചു. മെയ് 26നാണ് സരസ്വതിക്ക് പനി ബാധിച്ചത്. പറവൂർ ഗവ. താലൂക്കാശുപത്രിയിലും ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്.

ഇടപ്പള്ളി അഞ്ചുമന പട്ടരുമഠം വീട്ടിൽ കെ ലളിതാംബിക (75), വടക്കുംപുറത്ത് താമസിക്കുന്ന പച്ചാളം സ്വദേശി രാജഗോപാലന്‍ എന്നിവരാണ് ജില്ലയില്‍ എച്ച്1 എന്‍1 ബാധിതരായി മരിച്ചത്. സ്വകാര്യ ലാബ് പരിശോധനകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലേ വൈറസ് ബാധമൂലമാണോ മരണമെന്ന് സ്ഥിരീകരിക്കാനാകൂ. ജൂണ്‍ രണ്ടിന് വെങ്ങോല സ്വദേശിയായ 48കാരനും പനി ബാധിതനായി മരിച്ചു.​

ഏഴ് ഡെങ്കിയും 
ചിക്കന്‍പോക്സും


ജില്ലയില്‍ ഞായറാഴ്ച 31 പേര്‍ക്ക് എച്ച്1 എന്‍1 ഉള്‍പ്പെടെ ഇന്‍ഫ്ലുവന്‍സ രോഗങ്ങള്‍ ബാധിച്ചു. ആലുവ, ചേരാനല്ലൂര്‍, ചൊവ്വര, എടത്തല, ഏലൂര്‍, കരുമാല്ലൂര്‍, മലയിടംതുരുത്ത്, നെടുമ്പാശേരി, പനങ്ങാട്, തമ്മനം, വരാപ്പുഴ, വെണ്ണല എന്നിവിടങ്ങളിലാണ്‌ രോഗബാധ ഉണ്ടായത്. ഇതില്‍ ഏഴ് ഡെങ്കിയും ചിക്കന്‍പോക്സും മൂന്ന് കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തു.​


വൈസ്റ്റ് നൈല്‍ 
പകരുംവഴി


കൊതുക് പരത്തുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍ പനി. ദേശാടന പക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വൈറസ്, ക്യൂലക്സ് കൊതുക് വഴി മനുഷ്യനിലെത്തും. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുക് പെരുകും. 80 ശതമാനം രോഗബാധിതരിലും ലക്ഷണം പ്രകടമാകാറില്ല. മരുന്നോ വാക്സിനോ ഇല്ലാത്തതിനാല്‍ സപ്പോര്‍ട്ടീവ് ചികിത്സയാണ് നല്‍കുന്നത്. കൊതുകിന്റെ ഉറവിട നശീകരണമാണ് മുഖ്യപ്രതിരോധ മാര്‍ഗം.


എറണാകുളത്ത്‌ വീണ്ടും 
വെസ്റ്റ് നൈല്‍ മരണം


ആലുവ


muraleedharanമുരളീധരൻ


വെസ്റ്റ് നൈൽ പനി ബാധിച്ച് ആലുവ കിഴക്കേ കടുങ്ങല്ലൂർ കൊച്ചുമൂത്തേടത്ത് വീട്ടിൽ മുരളീധരൻ (70) മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ പുലർച്ചെയാണ് മരണം.


ഭാര്യ: ബേബി. മകൻ: പ്രണവ്. മരുമകൾ: അമൃത. സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം പറവൂർ സ്വദേശി സരസ്വതി (45) വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home