ശബരിമല നെയ്യ് വിതരണം: എം ജെ സോജന്റെ ചുമതലയിൽ എസ്ഐടി അന്വേഷണം

കൊച്ചി: ശബരിമലയിൽ കഴിഞ്ഞ സീസണിൽ അരവണ നിർമാണത്തിന് മിൽമിൽനിന്ന് നെയ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഹൈക്കോടതി നിയോഗിച്ചു. വിജിലൻസ് സൂപ്രണ്ട് എം ജെ സോജനാണ് ചുമതല. വിജിലൻസ് ഡിവൈഎസ്പി സി എസ് ഹരി, ഇൻസ്‌പെക്ടർമാരായ എ എസ് സജി ശങ്കർ, എസ് ശ്രീജിത്ത്, ടി ആർ കിരൺ, ആർ എസ് രതീന്ദ്രകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതും എം ജെ സോജന്റെ നേതൃത്വത്തിൽ ആയതിനാൽ ഈ കേസിലും അദ്ദേഹം തന്നെ ചുമതല വഹിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി. കേസ് ആഗസ്ത് 17ന് വീണ്ടും പരിഗണിക്കും.
ശബരിമലയിലേക്ക് നൽകിയ നെയ്യ് വഴിമധ്യേ മാറ്റുകയും പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് നിറച്ച് തട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെയും ദേവസ്വം വിജിലൻസിന്റെയും കണ്ടെത്തൽ. കഴിഞ്ഞ സീസണിൽ 26 ലോഡാണ് മിൽമയിൽ നിന്ന് ശബരിമലയിലേക്ക് അയച്ചത്. ഇതിൽ 16 ലോഡ് മാത്രമാണ് പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബിൽ പരിശോധിച്ചതെന്നാണ് വിവരം. ഇതോടെ, വഴിമധ്യേയാണ് തിരിമറി നടന്നതെന്ന് കൂടുതൽ വ്യക്തമായി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് മിൽമ ഭരണസമിതി വ്യക്തമാക്കിയിട്ടുണ്ട്.









0 comments