കത്തുന്ന വില, എരിഞ്ഞ് കുടുംബങ്ങൾ


സ്വന്തം ലേഖകൻ
Published on Jun 09, 2026, 02:36 AM | 1 min read
കൊച്ചി
ഇന്ധന വിലവർധനയ്‌ക്കുപിന്നാലെയുണ്ടായ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലവർധനയിൽ അടിതെറ്റി സാധാരണക്കാരന്റെ കുടുംബ ബജറ്റ്. നാലുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ വിലവർധനയിലൂടെ 89 രൂപയാണ് ഗാർഹിക എൽപിജിക്ക് കൂടിയത്. കഴിഞ്ഞ മാർച്ചിൽ ഒറ്റയടിക്ക് 60 രൂപ 14 കിലോയുടെ സിലിണ്ടറിൽ കൂട്ടിയിരുന്നു. ഇതോടൊപ്പം, പെട്രോളിയം കന്പനികളുടെ അവകാശവാദത്തിന് വിരുദ്ധമായി സിലിണ്ടർ കിട്ടാനുണ്ടാകുന്ന കാലതാമസവും ജനങ്ങളെ വലയ്‌ക്കുന്നു.
പെട്രോൾ, ഡീസൽ വില അടിക്കടി കൂട്ടുന്നതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെയുണ്ടായിട്ടുള്ള വിലക്കയറ്റത്തിൽ സാധാരണക്കാർ നട്ടംതിരിയുകയാണ്. ഇതിനിടെയാണ് ഗാർഹിക സിലിണ്ടർ വിലയിൽ 29 രൂപ കൂട്ടിയത്. എന്നിട്ടും സിലിണ്ടർ കിട്ടാനില്ല. നാലംഗങ്ങളുള്ള കുടുംബത്തിന് 30–35 ദിവസത്തെ ഉപയോഗത്തിന് ഒരു സിലിണ്ടർ മതിയാകും. അതിനപ്പുറം സിലിണ്ടർ കിട്ടാൻ വൈകിയാൽ മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കണം.
നഗരവാസികൾക്ക് വൈദ്യുതി അടുപ്പുകളാണ് പകരം ആശ്രയിക്കാവുന്നത്. അത് വൈദ്യുതി ബില്ലിൽ പ്രതിഫലിക്കും. നാട്ടിൻപുറങ്ങളിൽ വിറകടുപ്പ് ഉപയോഗത്തിലുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വിറകിനും വില വർധിച്ചത് തിരിച്ചടിയായി.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ എണ്ണക്കന്പനികളുടെ നിർദേശപ്രകാരം എൽപിജി വിതരണക്കാർ സിലിണ്ടർ ബുക്കിങ്ങിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 30 ദിവസത്തിനുശേഷം അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോൾ 45 ദിവസവും അതിലേറെയും കാത്തിരിക്കേണ്ടിവരുന്നു. അധികവില നൽകുന്നവർക്ക് കരിഞ്ചന്തയിൽ സിലിണ്ടർ സുലഭമായി കിട്ടുന്നതായും ആക്ഷേപമുണ്ട്. ബുക്ക് ചെയ്‌തിട്ടും കിട്ടാതാകുന്പോൾ അന്വേഷിച്ച് ഓഫീസിൽ എത്തുന്നവർക്കുമാത്രമായി സിലിണ്ടർ വിതരണം ചെയ്യുന്ന ഏജൻസികളുള്ളതായും പരാതിയുണ്ട്.
ഇന്ധനവില അടിക്കടി കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗസാധന വിലയും നിയന്ത്രണമില്ലാതെ ഉയരുന്നു. ട്രോളിങ് നിരോധം വരുന്നതോടെ മത്സ്യത്തിന്റെ വില ഇനിയും ഉയരും. വാണിജ്യ സിലിണ്ടർ വില റോക്കറ്റ് വേഗത്തിൽ കുതിച്ചതിനുപിന്നാലെ ഹോട്ടൽ ഭക്ഷണവില സാധാരണക്കാർക്ക് താങ്ങാനാകാത്തതായി. ഗാർഹിക സിലിണ്ടറിന്റെ വിലവർധനയും ലഭ്യതക്കുറവും വീട്ടുഭക്ഷണശീലങ്ങളെയും തകിടം മറിച്ചിട്ടുണ്ട്. ഇന്ധനം ലാഭിച്ച് എളുപ്പത്തിൽ പാചകം ചെയ്യാവുന്ന ഭക്ഷണശീലത്തിലേക്ക് മാറുകയാണ് കുടുംബങ്ങൾ.








0 comments