ad
Deshabhimani

print edition സ്ഥിരത= ക്ലാസെൻ; ഒന്പത്‌ കളിയിൽ 414 റൺ

Heinrich Klaasen

ഹെൻറിച്ച്‌ ക്ലാസെൻ | PHOTO: AFP

വെബ് ഡെസ്ക്

Published on May 01, 2026, 01:28 AM | 1 min read

ഹൈദരാബാദ്‌: ഐപിഎൽ ക്രിക്കറ്റ്‌ ഇ‍ൗ സീസണിൽ സ്ഥിരതയ്‌ക്ക്‌ ഒരു പേരേയുള്ളൂ– ഹെൻറിച്ച്‌ ക്ലാസെൻ. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്‌സ്‌ ഹൈദരാബാദിന്‌ ആറ്‌ വിക്കറ്റിന്റെ ജയമൊരുക്കിയത്‌ ക്ലാസെനാണ്‌. 244 റണ്ണെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക്‌ ഇടയ്‌ക്കൊന്ന്‌ പതറിയ ഹൈദരാബാദിനെ 30 പന്തിൽ 65 റണ്ണുമായാണ്‌ ജയത്തിലേക്ക്‌ നയിച്ചത്‌. പുറത്താകാതെ നിന്ന ദക്ഷിണാഫ്രിക്കക്കാരന്റെ ഇന്നിങ്‌സിൽ നാല്‌ സിക്‌സറും ഏഴ്‌ ഫോറും ഉൾപ്പെട്ടു.


ഒന്പത്‌ കളിയിൽ 414 റണ്ണുമായി റണ്ണടിക്കാരുടെ പട്ടികയിൽ രണ്ടാമനാണ്‌. 59 ആണ്‌ ശരാശരി. പ്രഹരശേഷി 157ഉം. നാലാം നന്പറിൽ ഇറങ്ങി ഇത്രയും റണ്ണടിച്ചുകൂട്ടിയ മറ്റൊരു കളിക്കാരനില്ല. ട്രാവിസ്‌ ഹെഡും അഭിഷേക്‌ ശർമയും ഇഷാൻ കിഷനും ഉൾപ്പെടുന്ന ഹൈദരാബാദ്‌ ബാറ്റിങ്‌ നിരയിൽനിന്നാണ്‌ ഇ‍ൗ പ്രകടനവുമായി ക്ലാസെൻ കളംനിറയുന്നത്‌. ഒന്പതിൽ ഒരു കളിയിൽ മാത്രമാണ്‌ 30ന്‌ താഴെ പുറത്തായത്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു (31), കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ (52), ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സ്‌ (62), പഞ്ചാബ്‌ കിങ്‌സ്‌ (39), രാജസ്ഥാൻ റോയൽസ്‌ (40), ചെന്നൈ സൂപ്പർ കിങ്‌സ്‌ (59), ഡൽഹി ക്യാപിറ്റൽസ്‌ (37*), രാജസ്ഥാൻ (29), മുംബൈ ഇന്ത്യൻസ്‌ (65*) എന്നിങ്ങനെയാണ്‌ സീസണിലെ ബാറ്റിങ്‌ പ്രകടനം.


മുംബൈക്കൈതിരെ സ്‌പിന്നർ ഗസൻഫറിനെതിരെ 11–ാം ഓവറിൽ നാല്‌ ഫോറും ഒരു സിക്‌സറും പറത്തിയാണ്‌ കളി തിരിച്ചത്‌. 16–ാംഓവറിൽ ഇതേ സ്‌പിന്നറെ രണ്ട്‌ സിക്‌സറിനും ശിക്ഷിച്ചു. താളംകിട്ടിയാൽ ഏത്‌ ബ‍ൗളറെയും അടിച്ചൊതുക്കാനുള്ള കരുത്തുണ്ട്‌.

ആറാം ജയവുമായി ഹൈദരാബാദ്‌ മൂന്നാംസ്ഥാനത്തേക്കാണ്‌ മുന്നേറിയത്‌.


അതേസമയം, ആറാംതോൽവിയോടെ മുംബൈയുടെ വഴി ഏറെക്കുറെ അടഞ്ഞു. ജസ്‌പ്രീത്‌ ബുമ്ര ഉൾപ്പെടെയുള്ള ബ‍ൗളർമാരുടെ മങ്ങിയ പ്രകടനമാണ്‌ മുംബൈക്ക്‌ വിനയാകുന്നത്‌. ഹൈദരാബാദിനെതിരെ സ്വാധീന താരമായെത്തിയ ശാർദുൽ ഠാക്കൂറിന്‌ ഒറ്റ ഓവർ പോലും നൽകാത്ത ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യയുടെ നടപടിയും വിവാദമായി. ഇ‍ൗ സീസണിൽ ഏറ്റവും ക‍ൂടുതൽ കളിക്കാരെ പരീക്ഷിച്ച ടീമാണ്‌ മുംബൈ –22.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home