ad
Deshabhimani

തീയേറ്ററുകളിൽ ആവേശം തീർത്ത് പൃഥ്വിരാജ്-പാർവതി ചിത്രം 'ഐ നോബഡി'; റോഷാക്കിന് ശേഷം നിസാം ബഷീർ മാജിക്

nobody
വെബ് ഡെസ്ക്

Published on Jul 09, 2026, 06:26 PM | 2 min read

തിരുവനന്തപുരം : ‘കെട്ട്യോളാണെന്റെ മാലാഖ’, ‘റോഷാക്ക്’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. 'റോബിൻഹുഡ്', 'സപ്തമശ്രീ തസ്കര' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങുന്ന ഈ ഹീസ്റ്റ് സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ പ്രേക്ഷകരെ പൂർണമായും ആവേശത്തിലാക്കുന്ന ചിത്രമാണ് . സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്. രാജീവൻ (പൃഥ്വിരാജ്) എന്ന സാധാരണക്കാരനായ സർക്കാർ ഉദ്യോഗസ്ഥന്റെയും ഭാര്യ മീര (പാർവതി തിരുവോത്ത്), രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെയും ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവിചാരിതമായി ഒരു ബാങ്ക് കവർച്ചയ്ക്ക് സാക്ഷിയാകേണ്ടി വരുന്ന രാജീവനെ കവർച്ചക്കാർ പണവുമായി കടന്നുകളയുന്നതിനിടയിൽ ബന്ദിയാക്കി കൊണ്ടുപോകുന്നു. ഈ സംഭവത്തോടെ രാജീവന്റെ ജീവിതം പ്രതിസന്ധിയിലാകുന്നു. കവർച്ചയ്ക്ക് പിന്നിൽ രാജീവനുമുണ്ടോ എന്ന് സമൂഹം സംശയിക്കുകയും അയാൾ കുറ്റക്കാരനാവുകയും ചെയ്യുന്നു. ഒരു സാധാരണക്കാരനെ സിസ്റ്റം 'നോബഡി'യായി അവഗണിക്കുമ്പോൾ അയാൾ നടത്തുന്ന ശക്തമായ പ്രതിരോധമാണ് ചിത്രം.


ആദ്യ രംഗം മുതൽ ആദ്യ പകുതി അവസാനിക്കും വരെ പ്രേക്ഷകരെ കണ്ണിമ ചിമ്മാതെ പിടിച്ചിരുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ തെറ്റായ സ്വാധീനവും ആൾക്കൂട്ട മനശാസ്ത്രവും സിനിമാറ്റിക് ലിബർട്ടിയോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സസ്പെൻസിനൊപ്പം കുടുംബ പശ്ചാത്തലത്തിലുള്ള വൈകാരിക നിമിഷങ്ങളും ചേർത്താണ് കഥയൊരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കേവലമൊരു ഹീസ്റ്റ് സ്റ്റോറി എന്നതിനപ്പുറം ചിത്രം കൂടുതൽ ലെയറുകളുള്ള ഒരു സോഷ്യോ-പൊളിറ്റിക്കൽ ഴോണറിലേക്ക് മനോഹരമായി മാറുന്നുണ്ട്.


എന്നു നിന്റെ മൊയ്ദീൻ, കൂടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിക്കുന്ന പൃഥ്വിരാജ് - പാർവതി കൂട്ടുകെട്ടിന്റെ ഓൺസ്ക്രീൻ കെമിസ്ട്രിയും പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മക്കളായി അഭിനയിച്ച നക്ഷത്ര, ആര്യ ഇസ എന്നിവരും അശോകൻ, ബീന ആർ ചന്ദ്രൻ, ഹക്കീം ഷാ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, ഐറാ, നിഷാന്ത് സാഗർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി.


സാങ്കേതിക വശങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുന്ന ചിത്രമാണിത്. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കിയ ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് സീനുകളും ചിത്രത്തിന് മികച്ച ത്രില്ലിങ് അനുഭവമേകുന്നു. ദിനേശ് പുരുഷോത്തമന്റെ ഛായാഗ്രഹണവും റമീസ് എംബിയുടെ എഡിറ്റിംഗും ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് അനുയോജ്യമായ ദൃശ്യഭാഷ പകർന്നു നൽകി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പീരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home