print edition ഓസീസിനെ ചാരമാക്കി ഹസൻ

ഓസ്ട്രേലിയയുടെ ആറ് വിക്കറ്റ് വീഴ്--ത്തിയ ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദ്
ഡാർവിൻ: ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞ് ബംഗ്ലാദേശ് പേസർ ഹസൻ മഹ്‌മൂദ്. ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം ഹസന്റെ ആറ് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ ബംഗ്ലാദേശ് ഓസീസിനെ 198ന് എറിഞ്ഞിട്ടു. മറുപടിയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 96 റണ്ണെടുത്തു. ഓസീസ് സ്‌കോറിനെക്കാൾ 102 റൺ മാത്രം പിന്നിൽ.
രണ്ട് പതിറ്റാണ്ടിനുശേഷം ആദ്യമായി ടെസ്‌റ്റിന് വേദിയായ ഡാർവിനിൽ ഓസീസ് ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിനാണ് ടോസ് ലഭിച്ചത്. സ്വന്തം തട്ടകത്തിൽ കമ്മിൻസ് ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്‌റ്റന് പിഴച്ചു. ഹസന്റെയും ടസ്‌കിൻ അഹമ്മദിന്റെയും ഇബദത് ഹുസൈന്റെയും പേസ് ബൗളിങ് ഓസീസ് ബാറ്റിങ് നിരയെ വലച്ചു. 52 റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും (22) ജെയ്‌ക് വെതറാൾഡിനെയും (23) ഹസൻ മടക്കി. മാർണസ് ലബുഷെയ്‌നെ (1) ഇബദതും കാമറൂൺ ഗ്രീനിനെ (13) ടസ്‌കിനും പറഞ്ഞയച്ചതോടെ ഓസീസ് നാലിന് 74ലേക്ക് തകർന്നു.
മുൻ ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്ത് (71) ഒരറ്റത്ത് പിടിച്ചുനിന്നു. മറ്റുള്ളവർക്കൊന്നും പിന്തുണ നൽകാനായില്ല. 22 റണ്ണെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകൾ ഓസീസിന് നഷ്ടമായത്. പതിനേഴ് ഓവറിൽ മൂന്ന് മെയ്‌ഡൻ ഉൾപ്പെടെ 55 റൺ വഴങ്ങിയാണ് ഹസൻ ആറ് വിക്കറ്റെടുത്തത്.
ബംഗ്ലാ പേസർമാർ വാണ ഡാർവിനിൽ ഓസീസിന്റെ ലോകോത്തര ബൗളിങ് നിരയ്‌ക്ക് തിളങ്ങാനായില്ല. ഓപ്പണർ ഷദ്‌മാൻ ഇസ്ലാമിനെ (20) മിച്ചെൽ സ്‌റ്റാർക് പുറത്താക്കിയെങ്കിലും തൻസിദ് ഹസൻ തമീമും (32) മൊമിനുൾ ഹഖും (35) ചേർന്ന് വേഗത്തിൽ റണ്ണുയർത്തി.









0 comments