വൈഭവിനെ ചേർത്തുപിടിച്ച് ഹാർദിക്; തോൽവിയിലും കൈയടി നേടി മുംബൈ നായകൻ

വൈഭവ് സൂര്യവംശി-ഹർദിക് പാണ്ട്യ
മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത വൈഭവിനെ പ്രശംസിച്ചിരിക്കുകയാണ് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. മത്സരശേഷം യുവതാരത്തെ നേരിട്ടെത്തി അഭിനന്ദിച്ച ഹാർദിക്കിന്റെ പെരുമാറ്റം ശ്രദ്ധനേടി.
"പതിനാറോ പതിനേഴോ വയസ്സുള്ള ഒരു കുട്ടി ഇത്രയും നിർഭയമായി ബാറ്റ് ചെയ്യുന്നത് കാണുന്നത് അത്ഭുതകരമാണ്. മത്സരത്തിന് മുൻപുള്ള ചർച്ചകളിൽ ഞങ്ങൾ അവനെക്കുറിച്ച് പ്രത്യേകം സംസാരിച്ചിരുന്നു. അവന്റെ ബാറ്റിംഗ് ശൈലിയും ഷോട്ടുകളും അമ്പരപ്പിക്കുന്നതാണ്. അവന് ശോഭനമായ ഒരു ഭാവി ആശംസിക്കുന്നു" - മത്സരശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞു. മഴമൂലം 11 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ വെറും 14 പന്തിൽ നിന്ന് 39 റൺസാണ് വൈഭവ് നേടിയത്. പേസ് ഇതിഹാസം ബുംറ എറിഞ്ഞ ഓവറിൽ രണ്ട് പടുകൂറ്റൻ സിക്സറുകളാണ് താരം നേടിയത്. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ വെറും 2.4 ഓവറിൽ രാജസ്ഥാൻ 50 റൺസ് പിന്നിട്ടു.
മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 27 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 11 ഓവറിൽ 150 റൺസ് നേടി. 32 പന്തിൽ പുറത്താവാതെ 77 റൺസ് നേടിയ യശസ്വി ജയ്‌സ്വാളും വൈഭവും ചേർന്ന് നൽകിയ തുടക്കം രാജസ്ഥാന് കരുത്തായി. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. രോഹിത് ശർമ്മ (5), സൂര്യകുമാർ യാദവ് (6) ഉൾപ്പെടെയുള്ളവർ ആദ്യം പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.










0 comments