പരിക്ക് മാറി ഹാർദിക് പാണ്ഡ്യ മടങ്ങിയെത്തുന്നു; ധർമ്മശാലയിൽ പഞ്ചാബിനെതിരെ കളിച്ചേക്കും

മുംബൈ:നടുവേദനയെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുന്നു.
വ്യാഴാഴ്ച ധർമ്മശാലയിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി താരം നെറ്റ്‌സിൽ തീവ്ര പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. താൻ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തെന്ന സൂചന നൽകുന്ന വീഡിയോ ഹാർദിക് തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മെയ് 10-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന പന്തിൽ പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് റേസിൽ നിന്ന് പുറത്തായിരുന്നു.
പരിക്കിനെത്തുടർന്ന് ആ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിച്ച സാഹചര്യത്തിൽ, ടീമിന്റെ ഇനിയുള്ള മത്സരങ്ങളിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു.
മുംബൈയെ സംബന്ധിച്ച് ഈ മത്സരം കേവലം ഔപചാരികത മാത്രമാണെങ്കിലും ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്‌സിന് ഇത് അതിനിർണ്ണായകമാണ്.
തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിക്കണമെങ്കിൽ പഞ്ചാബിന് മുംബൈയെ പരാജയപ്പെടുത്തിയേ തീരൂ. ഹാർദിക്കിന്റെ തിരിച്ചുവരവ് പഞ്ചാബിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.









0 comments