ad
Deshabhimani

ബൗളർമാർക്ക് താളം പിഴച്ചു; തോൽവിയുടെ ഉത്തരവാദിത്തം ബൗളിങ്ങ് യൂണിറ്റിനെന്ന് ഹാർദിക് പാണ്ഡ്യ

hardik
വെബ് ഡെസ്ക്

Published on Apr 08, 2026, 01:48 PM | 1 min read

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനേറ്റ അപ്രതീക്ഷിത തോൽവിക്ക് കാരണം ബൗളിങ്ങ് യൂണിറ്റിന്റെ പരാജയമാണെന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ.


മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തിൽ പവർപ്ലേ ഓവറുകളിൽ നിയന്ത്രണം ഏറ്റെടുക്കാൻ ബൗളർമാർക്ക് സാധിച്ചില്ലെന്നും, തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ബൗളിങ്ങ് ഗ്രൂപ്പ് ഏറ്റെടുക്കണമെന്നും ഹാർദിക് വ്യക്തമാക്കി. 27 റൺസിനായിരുന്നു രാജസ്ഥാനോട് മുംബൈ പരാജയപ്പെട്ടത്.


മത്സരത്തിൽ രാജസ്ഥാന്റെ കുട്ടിത്താരം വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെ ഹാർദിക് പുകഴ്ത്തി. വെറും 14 പന്തിൽ 39 റൺസ് നേടിയ വൈഭവിന്റെ ബാറ്റിംഗ് അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.


15 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ഇത്രയും ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും പന്തുകളെ നേരിടുന്നത് കാണുന്നത് സന്തോഷകരമാണെന്നും, മത്സരത്തിന് മുൻപ് തന്നെ വൈഭവിനെക്കുറിച്ച് ടീം ചർച്ച ചെയ്തിരുന്നുവെന്നും ഹാർദിക് കൂട്ടിച്ചേർത്തു. വൈഭവിന്റെ കരിയറിന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.


ബൗളിങ്ങിലെ പിഴവുകളെക്കുറിച്ച് സംസാരിക്കവെ, ട്വന്റി 20 ക്രിക്കറ്റിൽ കൃത്യമായ ലെങ്തിൽ പന്തെറിയുന്നതിന്റെ പ്രാധാന്യം ഹാർദിക് ഊന്നിപ്പറഞ്ഞു. "വെറും 27 റൺസിനാണ് ഞങ്ങൾ തോറ്റത്. ഏകദേശം അഞ്ച് സിക്സറുകളുടെ വ്യത്യാസം.


അഞ്ച് പന്തുകൾ കൂടി കൃത്യമായ ലെങ്തിൽ എറിയാൻ സാധിച്ചിരുന്നെങ്കിൽ കളിയിൽ തിരിച്ചെത്താമായിരുന്നു," ഹാർദിക് പറഞ്ഞു. എതിർ ടീം ഓപ്പണർമാർ തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ചത് ടീമിനെ സമ്മർദ്ദത്തിലാക്കിയെന്നും, ബാറ്റിങ്‌ നിരയേക്കാൾ ബൗളർമാർക്ക് താളം കണ്ടെത്താൻ കഴിയാത്തതാണ് തിരിച്ചടിയായതെന്നും അദ്ദേഹം നിരീക്ഷിച്ചു.


ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവികൾ വഴങ്ങിയ മുംബൈയ്ക്ക് അടുത്ത മത്സരം നിർണ്ണായകമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന അടുത്ത മത്സരത്തെക്കുറിച്ച് ഹാർദിക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.


രാജസ്ഥാനെതിരായ മത്സരത്തിലെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും മുംബൈ നായകൻ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home