ഹാർദിക് പാണ്ഡ്യയുടെ നായകസ്ഥാനം പുനഃപരിശോധിക്കണം; മുംബൈ ഇന്ത്യൻസിൽ മാറ്റങ്ങൾക്ക് സാധ്യത?

സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ (Photo Credit CREIMAS)
മുംബൈ : ഐപിഎൽ 2026ൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന മുംബൈ ഇന്ത്യൻസിൽ നായകമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. എട്ട് മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ട മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ നിലവിൽ അനിശ്ചിതത്വത്തിലാണ്. ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഹാർദിക്കിന്റെ ക്യാപ്റ്റൻസി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മുൻ താരം പോമി എംബാംഗ്വ അഭിപ്രായപ്പെട്ടു. അടുത്ത മെഗാ ലേലത്തിന് മുന്നോടിയായി ഹാർദിക് ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നില്ലെങ്കിൽ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് മുൻ താരം സൈമൺ ഡൂൾ ചൂണ്ടിക്കാട്ടി. മൂന്ന് വർഷമായി ടീമും താരവും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് 128 റൺസും നാല് വിക്കറ്റും മാത്രമാണ് ഹാർദിക്കിന്റെ സമ്പാദ്യം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 243 റൺസ് നേടിയിട്ടും അത് പ്രതിരോധിക്കാൻ മുംബൈ ബൗളർമാർക്ക് സാധിച്ചില്ല. മുംബൈ ഇന്ത്യൻസ് എന്ന ടീം ഉയർത്തിപ്പിടിക്കുന്ന നിലവാരത്തിലേക്ക് ഉയരാൻ ഇത്തവണ ടീമിന് സാധിച്ചിട്ടില്ലെന്ന് പരാജയത്തിന് പിന്നാലെ ഹാർദിക് സമ്മതിച്ചു. ടീമിന് നിലവിൽ ബൗളിങിൽ ഓപ്ഷനുകൾ കുറവാണെന്നും സമ്മർദ്ദഘട്ടങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.










0 comments