ad
Deshabhimani

print edition സൂപ്പർ ഗിൽ... ഐപിഎല്ലിൽ ഗുജറാത്ത്– ബംഗളൂരു ഫെെനൽ ഞായറാഴ്‌ച

subhman gill

രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ചുറി നേടിയ ഗുജറാത്ത് ടെെറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

വെബ് ഡെസ്ക്

Published on May 30, 2026, 01:33 AM | 2 min read

മുല്ലൻപുർ : ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ മിന്നുന്ന സെഞ്ചുറി ഗുജറാത്ത്‌ ടൈറ്റൻസിനെ ഐപിഎൽ ക്രിക്കറ്റ്‌ ഫൈനലിലേക്ക്‌ നയിച്ചു. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചാണ്‌ മുന്നേറ്റം. ഞായറാഴ്‌ച നടക്കുന്ന ഫൈ-നലിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനെ നേരിടും. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപ്പിച്ചായിരുന്നു ബംഗളൂരു ഫൈനലിൽ കടന്നത്‌.


ക‍ൗമാരക്കാരൻ വൈഭവ്‌ സൂര്യവംശിയുടെ മിന്നുന്ന പ്രകടനത്തിന്‌ ഗുജറാത്ത്‌ ഗില്ലിലൂടെ മറുപടി നൽകുകയായിരുന്നു. 53 പന്തിൽ 104 റണ്ണാണ്‌ ക്യാപ്‌റ്റൻ നേടിയത്‌. മൂന്ന്‌ സിക്‌സറും 15 ഫോറുമായിരുന്നു ഇന്നിങ്‌സിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺ ലക്ഷ്യം 18.4 ഓവറിൽ മറികടന്നു. സ്‌കോർ: രാജസ്ഥാൻ 214 /6; ഗുജറാത്ത്‌ 219/3 (18.4). ഗില്ലും സായ്‌ സുദർശനും (32 പന്തിൽ 58) ചേർന്ന്‌ ഒന്നാം വിക്കറ്റിൽ 167 റണ്ണാണ്‌ കൂട്ടിച്ചേർത്തത്‌. സുദർശൻ തുടർച്ചയായ രണ്ടാംകളിയിലും ഹിറ്റ്‌ വിക്കറ്റായി മടങ്ങി. ഗില്ലിനെ ജോഫ്ര ആർച്ചെറാണ്‌ പുറത്താക്കിയത്‌. ജോസ്‌ ബട്‌ലറും (9*) രാഹുൽ ടെവാട്ടിയയും (19*) ചേർന്ന്‌ ഗുജറാത്തിന്റെ ജയം പൂർത്തിയാക്കി. വാഷിങ്‌ടൺ സുന്ദർ 16 റണ്ണെടുത്തു. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാന്‌ വേണ്ടി 47 പന്തിൽ 96 റണ്ണാണ്‌ വൈഭവ്‌ അടിച്ചുകൂട്ടിയത്‌. ഏഴ്‌ സിക്‌സറും എട്ട്‌ ഫോറും അകന്പടിയായി.


തുടർച്ചയായ രണ്ടാം മത്സരത്തിലും വൈഭവിന്‌ നേരിയ വ്യത്യാസത്തിൽ സെഞ്ചുറി നഷ്ടമായി. സീസണിൽ 16 കളിയിൽ 776 റണ്ണാണ്‌ ഇടംകൈയൻ ബാറ്ററുടെ സന്പാദ്യം. 72 സിക്‌സറും 63 ഫോറും. ബാറ്റിങ്‌ പ്രഹരശേഷി 237. ഒന്പത്‌ റണ്ണെടുക്കുന്നതിനിടെ യശസ്വി ജയ്‌സ്വാളിനെയും (1) ധ്രുവ്‌ ജുറേലിനെയും (7) ഗുജറാത്ത്‌ പേസർമാർ മടക്കിയശേഷമായിരുന്നു പതിനഞ്ചുകാരൻ രാജസ്ഥാനെ തകർച്ചയിൽനിന്ന്‌ കരകയറ്റിയത്‌. രവീന്ദ്ര ജഡേജ (35 പന്തിൽ 45*) പിന്തുണ നൽകി. ഇടയ്‌ക്ക്‌ പരിക്കേറ്റ്‌ മടങ്ങിയ ജഡേജ അവസാന ഓവറുകളിൽ തിരിച്ചുവന്നു.


പരിക്കുമായി മാറിനിന്ന ഇടവേളയിൽ രാജസ്ഥാന്‌ മൂന്ന് വിക്കറ്റാണ്‌ നഷ്ടമായത്‌. ക്യാപ്‌റ്റൻ റിയാൻ പരാഗ്‌ 11 റണ്ണെടുത്ത്‌ മടങ്ങിയപ്പോൾ ദസുൺ ഷനകയും (3) ജോഫ്ര ആർച്ചെറും (7) നിരാശപ്പെടുത്തി. സെഞ്ചുറിക്ക്‌ നാല്‌ റണ്ണകലെവച്ച്‌ റബാദയുടെ പന്തിൽ പ്രസിദ്ധ്‌ കൃഷ്‌ണ പിടിച്ചാണ്‌ വെെഭവ് പുറത്തായത്‌. അവസാന ഓവറിൽ റാഷിദ്‌ ഖാനെ നാല്‌ സിക്‌സർ ഉൾപ്പെടെ 27 റണ്ണിന്‌ ശിക്ഷിച്ച്‌ ഡൊണോവൻ ഫെരേരയാണ്‌ ((11 പന്തിൽ 38*) സ്‌കോർ 200 കടത്തിയത്‌. അഞ്ചാം സീസൺ കളിക്കുന്ന ഗുജറാത്തിന്റെ മൂന്നാം ഫൈനലാണിത്‌. കളിച്ച ആദ്യ സീസണിൽ ജേതാക്കളായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home