അയ്യരും ഗില്ലും നേർക്കുനേർ; പോണ്ടിങ്ങും ഹെയ്ഡനും അണിയറയിൽ. ചണ്ഡീഗഡിൽ തീപാറും പോരാട്ടം

ചണ്ഡീഗഡ്: ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്‌സും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് രണ്ട് യുവനായകന്മാരുടെ പ്രകടനത്തിലേക്കാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ രണ്ട് ടീമുകളെ ഫൈനലിൽ എത്തിക്കുകയും അതിലൊന്നിൽ കിരീടം നേടുകയും ചെയ്ത ശ്രേയസ് അയ്യരും, 2020 മുതൽ ഐപിഎല്ലിലെ റൺവേട്ടയിൽ ഒന്നാമനായ ശുഭ്മാൻ ഗില്ലും തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ 2025 ഐപിഎൽ സീസണിൽ അയ്യർ 175 സ്ട്രൈക്ക് റേറ്റിൽ 604 റൺസും, ഗിൽ 650 റൺസും അടിച്ചുകൂട്ടിയിരുന്നു. എന്നിരുന്നാലും, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ തുടങ്ങിയ താരങ്ങളുടെ വരവോടെ ഗില്ലിന് ഇന്ത്യൻ ടി20 ടീമിലെ സ്ഥാനം നഷ്ടമായി.
പരിക്കും അവസരമില്ലായ്മയും കാരണം ശ്രേയസ് അയ്യർക്കും കഴിഞ്ഞ കുറച്ചു കാലമായി ടി20 ഫോർമാറ്റിൽ തിളങ്ങാനായിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ മികവ് ഒരിക്കൽ കൂടി തെളിയിക്കുക എന്നത് ഇരു നായകന്മാർക്കും അനിവാര്യമാണ്.
ടോപ്പ് ഓർഡറിലെ കരുത്താണ് ഇരു ടീമുകളുടെയും പ്രധാന ആയുധം. കഴിഞ്ഞ സീസണിൽ 912 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കിയ ഗില്ലും ഓറഞ്ച് ക്യാപ് ജേതാവ് സായ് സുദർശനും ഗുജറാത്തിന്റെ കുതിപ്പിന് കരുത്തേകും.ജോസ് ബട്ലർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഗുജറാത്തിന് തങ്ങളുടെ ഓപ്പണർമാരിൽ വലിയ ആത്മവിശ്വാസമുണ്ട്.
മറുഭാഗത്ത്, അൺക്യാപ്പ്ഡ് താരങ്ങളായ പ്രഭ്സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും ചേർന്ന് കഴിഞ്ഞ സീസണിൽ പഞ്ചാബിനായി 532 റൺസാണ് അടിച്ചുകൂട്ടിയത്.
ചണ്ഡീഗഡിലെ ബാറ്റിംഗ് പിച്ചിൽ റൺസ് ഒഴുകുന്ന മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ പിച്ചിൽ പഞ്ചാബ് 219 റൺസ് അടിച്ചുകൂട്ടിയിരുന്നു. റിക്കി പോണ്ടിങ്ങിന്റെ മുഖ്യ പരിശീലനത്തിലിറങ്ങുന്ന പഞ്ചാബും, മാത്യു ഹെയ്ഡൻ ബാറ്റിങ്ങ് പരിശീലകനുമായുള്ള ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതൊരു റൺവേട്ടയാകുമെന്ന് ഉറപ്പാണ്. പവർപ്ലേ ഓവറുകളിൽ ഏത് ടീമാണോ മേധാവിത്വം നേടുന്നത് അവർക്കായിരിക്കും മത്സരത്തിൽ മുൻതൂക്കം.
പഞ്ചാബ് കിംഗ്‌സിനെ ഒരു പുതിയ ശൈലിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് റിക്കി പോണ്ടിങ്ങിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ആവർത്തിക്കാൻ ടീം തയ്യാറെടുക്കുമ്പോൾ, 'ഭയമില്ലാത്ത ക്രിക്കറ്റ്' കളിക്കാനാണ് താൻ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പോണ്ടിങ്ങ് വ്യക്തമാക്കി. പ്രിയാൻഷ് ആര്യയെയും പ്രഭ്സിമ്രാൻ സിംഗിനെയും പോലുള്ള യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ പോണ്ടിങ്ങിന്റെ പങ്ക് നിർണ്ണായകമാണ്.
മറുഭാഗത്ത്, ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് കോച്ചായ മാത്യു ഹെയ്ഡൻ ടീമിലെ യുവതാരങ്ങളുടെ കഠിനാധ്വാനത്തെയാണ് പ്രശംസിക്കുന്നത്. റിക്കി പോണ്ടിങ്ങ് തന്റെ കാലഘട്ടത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ താരമായിരുന്നുവെന്നും, എന്നാൽ സായ് സുദർശൻ പോണ്ടിങ്ങിനെക്കാൾ ഇരട്ടി പരിശ്രമം നടത്തുന്ന താരമാണെന്നുമാണ് ഹെയ്ഡന്റെ അഭിപ്രായം.
സായ് സുദർശന്റെയും ശുഭ്മാൻ ഗില്ലിന്റെയും ബാറ്റിങ്ങ് മികവ് വർദ്ധിപ്പിക്കുന്നതിൽ ഹെയ്ഡൻ നൽകുന്ന നിർദ്ദേശങ്ങൾ ഗുജറാത്തിന് വലിയ കരുത്താണ്.ചണ്ഡീഗഡിലെ ബാറ്റിങ്ങ് പിച്ചിൽ പോണ്ടിങ്ങിന്റെ തന്ത്രങ്ങളും ഹെയ്ഡന്റെ ബാറ്റിങ്ങ് പാഠങ്ങളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പമാകുമെന്ന് ആരാധകർ ഉറ്റുനോക്കുന്നു.










0 comments