print edition മാക്‌സ്‌വെൽ ഐപിഎല്ലിനില്ല ; താരലേലത്തിൽനിന്ന് ഓസീസ് ഓൾറൗണ്ടർ പിൻമാറി

മുംബൈ
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഐപിഎൽ ക്രിക്കറ്റിൽ അടുത്ത സീസണിൽ ഇല്ലെന്ന് അറിയിച്ചു. അബുദാബിയിൽ 16ന് മിനിലേലം നടക്കാനിരിക്കെയാണ് തീരുമാനം. 13 സീസൺ കളിച്ച മുപ്പത്തേഴുകാരൻ 141 കളിയിൽ 2819 റണ്ണെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു. ഏഴ് കളിയിൽ 48 റണ്ണാണെടുത്തത്. 2012 മുതൽ ഐപിഎല്ലിലുണ്ട്.
സമൂഹമാധ്യമത്തിലൂടെയാണ് മാക്‌സ്‌വെൽ പിൻമാറ്റം അറിയിച്ചത്. ഐപിഎൽ അനുഭവങ്ങളും അദ്ദേഹം പങ്കിട്ടു. വെസ്‌റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസെൽ ഐപിഎല്ലിൽനിന്നും വിരമിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു. 2014ലാണ് ആദ്യമായി ഇറങ്ങിയത്. കൊൽക്കത്ത ടീമിന്റെ പരിശീലക സംഘത്തിലായിരിക്കും മുപ്പത്തേഴുകാരന്റെ അടുത്ത ചുമതല. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം രണ്ട് തവണ കിരീടം നേടിയ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസും പിൻമാറ്റം അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ കളിക്കാനാണ് തീരുമാനം. 14 സീസണിലായി 154 ഐപിഎൽ മത്സരങ്ങൾ കളിച്ചു.
ഐപിഎൽ കളിക്കുന്ന 10 ടീമുകളും പ്രധാന കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. ബാക്കി സ്ഥാനങ്ങളിലേക്കാണ് മിനി ലേലം. 1355 കളിക്കാർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അതിൽ 1062 പേർ ഇന്ത്യക്കാരാണ്. വിദേശികൾ 293.
മായങ്ക് അഗർവാൾ, രവി ബിഷ്‌ണോയ്, ആകാശ്‌ദീപ്, ദീപക് ഹൂഡ, സർഫറാസ്‌ഖാൻ, പൃഥ്വി ഷാ, ഉമേഷ് യാദവ് തുടങ്ങി ഇന്ത്യക്ക് കളിച്ച പ്രധാന താരങ്ങളായ 16 പേർ ലേലത്തിലുണ്ട്.









0 comments